ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ യോഗം ബെംഗളൂരുവിൽ ചേർന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധം തീർക്കാനൊരുങ്ങി ബിജെപി. ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ബെംഗളൂരുവിൽ യോഗം ചേരുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഇന്ന് നടക്കുന്ന എൻഡിഎ യോഗത്തിൽ 38 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുമെന്നാണ് ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ അറിയിച്ചിരിക്കുന്നത്.
സഖ്യത്തിൽ നിന്നും പുറത്തുപോയവരെ തിരികെ എത്തിക്കാനും പുതിയ സഖ്യങ്ങൾക്കുമായി കഴിഞ്ഞ ഏതാനും ആഴ്ചകളോളമായി അധികസമയം പ്രവർത്തിച്ചതായും അതിനാൽ തന്നെ പുതിയതുമായ ബിജെപി സഖ്യകക്ഷികളുടെ സാന്നിധ്യം എൻഡിഎ യോഗത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.എഐഎഡിഎംകെ, ശിവസേന ഷിൻഡെ വിഭാഗം, അജിത് പവാറിന്റെ എൻസിപി വിഭാഗം, പവൻ കല്യാണിന്റെ ജനസേന പാർട്ടി എന്നിവർ യോഗത്തിൽ പങ്കെടുക്കും. അകാലിദളിനേയും തെലുങ്ക് ദേശം പാർട്ടിയെയും എൻഡിഎ സഖ്യത്തിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.
കിഴക്കൻ ഉത്തർപ്രദേശിലെ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വ്യക്തമായ സ്വാധീനമുള്ള സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി എൻഡിഎയിൽ ചേരുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.ബീഹാറിൽ, അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും പ്രമുഖ ഒബിസി നേതാവുമായ രാംവിലാസ് പാസ്വാന്റെ മകനും മറ്റൊരു ഒബിസി നേതാവുമായ ചിരാഗ് പാസ്വാനെയും ഡൽഹിയിൽ നടക്കുന്ന വലിയ എൻഡിഎ യോഗത്തിലേക്ക് ജെപി നഡ്ഡ ക്ഷണിച്ചിട്ടുണ്ട്.
2024ലെ പൊതു തെരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കെ, പ്രതിപക്ഷത്തിന്റെ തന്ത്രങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. എൻഡിഎയുടെ വ്യാപ്തി ഈ വർഷങ്ങളിൽ വർധിച്ചതായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.നരേന്ദ്രമോദി സർക്കാരിന്റെ നയങ്ങളുടേയും പദ്ധതികളുടെയും അടിസ്ഥാനത്തിൽ വലിയ ആവേശമാണുള്ളതെന്ന് ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.