ബെംഗളൂരു: കർണാടക നിയമസഭയിലെ 10 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. സ്പീക്കർ ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ രുദ്രപ്പ ലമാനിയുടെ നേർക്ക് കടലാസ് എറിഞ്ഞതിനാണ് സ്പീക്കർ യു ടി ഖാദറിന്റെ നടപടി. ഈ സമ്മേളനം കഴിയുന്നത് വരെയാണ് സസ്പെൻഷൻ.
ഐഎഎസ് ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് സർക്കാരിനെതിരെ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷം സഭയിൽ വലിയ പ്രതിഷേധം ഉയർത്തുകയാണ്.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിനായി 30 ഐഎഎസ് ഉദ്യോഗസ്ഥരെ കോൺഗ്രസ് സഖ്യ നേതാക്കളെ സേവിക്കാൻ നിയോഗിച്ചുവെന്നാരോപിച്ചാണ് ബിജെപിയും ജെഡിഎസും പ്രതിഷേധിക്കുന്നത്.
ഉച്ചഭക്ഷണത്തിന് ഇടവേളയില്ലെന്നും ബജറ്റ് അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ തുടരുമെന്നും സ്പീക്കർ യു ടി ഖാദറിന്റെ അഭാവത്തിൽ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചതിനെതിരെ ഉച്ചഭക്ഷണ ഇടവേളയില്ലാതെ സമ്മേളനം തുടരാനുള്ള തീരുമാനം ഏത് ചട്ട പ്രകാരം ആണെന്ന് ചോദിച്ച് കൊണ്ട് ചെയറിനും ഡെപ്യൂട്ടി സ്പീക്കർക്കും നേരെ ബിജെപി അംഗങ്ങൾ കടലാസുകള്‍ എറിയുകയായിരുന്നു.
ഡെപ്യൂട്ടി സ്പീക്കർക്ക് നേരെ നിരവധി അംഗങ്ങൾ കടലാസ് എറിഞ്ഞതോടെ സഭയിൽ ബിജെപി നേതാക്കളുടെ പെരുമാറ്റത്തെ കോൺഗ്രസ് എംഎൽഎമാർ അപലപിച്ചു.സ്പീക്കർ കോൺഗ്രസ് പക്ഷം ചേർന്ന് പെരുമാറുന്നുവെന്ന് ആരോപിച്ച മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ നാളെ ഗവർണറെ കാണുമെന്നറിയിച്ചു.ബിജെപി, ജെഡിഎസ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെയിലും അഞ്ച് ബില്ലുകൾ ചർച്ചയില്ലാതെ തന്നെ സഭയിൽ പാസായി.
.