വെള്ളറട (തിരുവനന്തപുരം) ∙ കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചതിനു പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ബസ് കഴുകിച്ചെന്ന് ആക്ഷേപം. ഇന്നലെ വൈകിട്ടു മൂന്നിനു വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർഎൻസി 105 –ാം നമ്പർ ചെമ്പൂര് വെള്ളറട ബസിലാണു പെൺകുട്ടി ഛർദിച്ചത്. സംഭവം അറിഞ്ഞതു മുതൽ ഡ്രൈവർ ഇവരോടു കയർത്തു സംസാരിച്ചെന്നു പെൺകുട്ടികൾ പറഞ്ഞു.
വെള്ളറട ഡിപ്പോയിൽ ബസ് നിർത്തിയപ്പോൾ ഇരുവരും ഇറങ്ങുന്നതിനു മുൻപു തന്നെ ഡ്രൈവർ പെൺകുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാൽ മതി ’എന്നു പറയുകയായിരുന്നു. തുടർന്നു സമീപത്തെ വാഷ്ബെയ്സിനിൽ നിന്നും കപ്പിൽ വെള്ളം പിടിച്ച് ബസിലെത്തി ഇരുവരും ചേർന്നു കഴുകി വൃത്തിയാക്കി. തുടർന്നാണ് ഇവരെ പോകാൻ അനുവദിച്ചത്. കെഎസ്ആർടിസിയിൽ രണ്ടു പതിറ്റാണ്ടായി ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കളാണിവർ. ബസ് വൃത്തിയാക്കാൻ ഡിആർഎൽ സ്റ്റാഫ് ഉള്ളപ്പോഴാണു ജീവനക്കാരുടെ നടപടി.