നാഗർകോവിൽ: പൂട്ടിയ വീടിനുള്ളിൽ ഭർത്താവും ഭാര്യയും മകനുമടങ്ങുന്ന കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.അഗസ്തീശ്വരം സ്വദേശി മുരളീധരൻ(40), ഭാര്യ ഷൈലജ (35), മകൻ ജീവ മുരളീധരൻ (7) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.തക്കലയിലാണ് കഴിഞ്ഞദിവസം സംഭവം നടന്നത്.
വൈകീട്ട് ഷൈലജയുടെ അച്ഛൻ പതിവുപോലെ പാലുമായി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് പൂട്ടിയനിലയിൽ കണ്ടെതോടെ സംശയം തോന്നിയ ഇയാൾ അയൽവാസിയുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടത്.മുരളീധരനും ഷൈലജയും രണ്ട് മുറികളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും മകൻ മുറിക്കുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മരുന്നിനൊപ്പം വിഷം നൽകി മകനെ കൊലപ്പെടുത്തിയശേഷം ദമ്പതികൾ ജീവനൊടുക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. കൊവിഡ് കാലത്തിനുശേഷം നാട്ടിൽ തന്നെയുള്ള മുരളീധരൻ ബെംഗളൂരുവിൽ സോഫ്റ്റ്വേർ എൻജിനിയറായിരുന്നു. ഒന്നരമാസമേ ആയുള്ളൂ തക്കലയ്ക്കു സമീപം മണലി ചരൽവിളയിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട്.