റോം: 215 യാത്രക്കാരുമായി മിലാനിലെ മാൽപെൻസ വിമാനത്താവളത്തിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസിൻ്റെ DL185 വിമാനം കനത്ത ആലിപ്പഴവർഷത്തെ തുടർന്ന് റോമിലെ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു..ശക്തമായ ആലിപ്പഴം വീഴ്ചയിൽ വിമാനത്തിൻ്റെ മുൻഭാഗത്തും ചിറകിലും കേടുപാടുകളുണ്ടാകുകയും ദ്വാരങ്ങൾ രൂപപ്പെടുകയും ചെയ്തു.
215 യാത്രക്കാർക്കും എട്ട് ജീവനക്കാരും മൂന്ന് പൈലറ്റുമാറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതോടെ പൈലറ്റ് കൺട്രോൺ റൂമുമായി ബന്ധപ്പെടുകയും അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയുമായിരുന്നു മോശം കാലാവസ്ഥയെ തുടർന്ന് വിമാനം തിരിച്ചിറക്കേണ്ടി വന്നെങ്കിലും ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.പറന്നുയർന്ന് പതിനഞ്ച് മിനിറ്റിനകം വിമാനം തിരിച്ചിറക്കിയതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കകം മുൻപ് കേട്ടിട്ടില്ലാത്ത തരത്തിലുള്ള ശബ്ദം കേട്ടുവെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. വിമാനത്തിലേക്ക് ആലിപ്പഴം വീഴുന്നതാണെന്ന് മനസിലാക്കാനായി. വിമാനത്തിൻ്റെ ചിറക് വിറയ്ക്കുന്ന അവസ്ഥയിലായിരുന്നു. ശക്തമായ കാറ്റും അനുഭവപ്പെട്ടതോടെ സുരക്ഷയിൽ ആശങ്കയുയർന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്റന്നുയർന്ന് പതിനഞ്ച് മിനിറ്റിനകം വിമാനം അപകടകരമായ സാഹചര്യത്തിലെത്തിയിരുന്നുവെന്ന് മറ്റൊരു യാത്രക്കാരി പറഞ്ഞു.
മിലാനിൽ വിമാനം പുറപ്പെടുന്നതിന് തൊട്ടുപിന്നാലെ കാലാവസ്ഥ പ്രശ്നം അനുഭവപ്പെട്ടുത്തുടങ്ങിയിരുന്നു.വിമാനത്തിന് തകരാർ സംഭവിച്ച ഉടനെത്തന്നെ റോമിലേക്ക് തിരിച്ചുവിടുകയും അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു.അറ്റകുറ്റപ്പണികൾ നടത്തിയെന്നും വിമാനത്തിന്റെ സുരക്ഷയിൽ പരിശോധന നടത്തുകയാണെന്നും ഡെൽറ്റ വക്താവ് പറഞ്ഞു.