തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന് ഫോസ്കോസ് ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ലൈസന്‍സ് ഇല്ലാതെ പ്രവർത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള നടപടികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിച്ചു.
തിരുവനന്തപുരം 612, കൊല്ലം 487, പത്തനംതിട്ട 251, ആലപ്പുഴ 414, കോട്ടയം 252, ഇടുക്കി 103, തൃശൂര്‍ 276, പാലക്കാട് 344, മലപ്പുറം 586, കോഴിക്കോട് 573, വയനാട് 150, കണ്ണൂര്‍ 281, കാസര്‍ഗോഡ് 134 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. എറണാകുളം ജില്ലയിലെ പരിശോധനകള്‍ ആഗസ്റ്റ് 2, 3 തീയതികളിലായി നടത്തുന്നതായിരിക്കും.പരിശോധനയില്‍ കണ്ടെത്തിയ ലൈസന്‍സില്ലാതെ പകരം രജിസ്ട്രേഷന് മാത്രമായി പ്രവര്‍ത്തിക്കുന്ന 458 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്കി.
പല സ്ഥാപനങ്ങളും ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് യാതൊരു നടപടികളും സ്വീകരിക്കാത്തത് കൊണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.നിയമപരമായി ലൈസന്‍സ് എടുത്താൽ മാത്രമേ ഈ സ്ഥാപനങ്ങൾ തുറന്നു കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ.
ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനുവേണ്ടി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗതയില്‍ തീരുമാനമെടുക്കണമെന്നും വരും ദിവസങ്ങളിലും ലൈസന്‍സ് പരിശോധന തുടരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.112 സ്ക്വാഡുകളാണ് ലൈസന്‍സ് പരിശോധനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്.