അലഹബാദ് ഹൈക്കോടതിയുടെ അനുമതിയിൽ ഗ്യാന്‍വാപി മസ്‌ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ തുടങ്ങി

വാരാണസി : ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ ഗ്യാന്‍വാപി മസ്ജിദ് പരിസരത്ത് ശാസ്ത്രീയ സർവേ ആരംഭിച്ചു.വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ സര്‍വേയ്ക്ക് അലഹബാദ് ഹൈക്കോടതി വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ASI സംഘം ശാസ്ത്രീയ സർവേ ആരംഭിച്ചത്. 17-ാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി മസ്ജിദ് നിർമ്മിച്ചത് ഹിന്ദു ക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ തകര്‍ത്തിട്ടാണോ എന്ന് ശാസ്ത്രീയമായി കണ്ടെത്തുക എന്നതാണ് ഈ സര്‍വേയുടെ ലക്ഷ്യം.

കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിന് യാതൊരു കോട്ടവും വരാത്ത രീതിയില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ സര്‍വേ നടത്തുക എന്ന് ASI ഇതിനോടകം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് എഎസ്ഐ സർവേ ഹര്‍ജിയില്‍ വിധി പറഞ്ഞത്.സര്‍വേയില്‍ എഎസ്‌ഐ ടീം അംഗങ്ങള്‍ക്കൊപ്പം ഹിന്ദു ഹർജിക്കാരുടെ പ്രതിനിധികളും പങ്കെടുക്കുന്നു.

പുരാണങ്ങളിൽ കാശി വിശ്വനാഥ്‌ ക്ഷേത്രത്തെക്കുറിച്ചും അവിടെ സ്ഥാപിച്ചിരിക്കുന്ന മഹത്തായ ‘ജ്യോതിർലിംഗ’ത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് എന്നും മത ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന ക്ഷേത്ര സമുച്ചയത്തിന്‍റെ ഭാഗമാണ് ഇന്നത്തെ ഗ്യാൻവാപി മസ്ജിദ് എന്നാണ് ഹിന്ദു പക്ഷത്തിന്‍റെ വാദം. 2022 മെയ് മാസത്തിൽ കോടതി നിർദ്ദേശിച്ച സർവേയ്ക്കിടെ പള്ളിയിലെ വുദുൽ കുളത്തിൽ കണ്ടെത്തിയ വസ്തു ഹിന്ദു പക്ഷം “ശിവലിംഗം” എന്ന് അവകാശപ്പെടുമ്പോള്‍ ജലധാരയുടെ ഭാഗമാണ് എന്ന് മുസ്ലീം പക്ഷം വാദിച്ചു . ഈ ഭാഗത്തിന്‍റെ കാർബൺ ഡേറ്റിംഗ് മുന്‍പേ തന്നെ കോടതി സ്റ്റേ ചെയ്തിരുന്നു.

1585-ൽ തോഡർമൽ രാജാവിന്‍റെ ഉത്തരവനുസരിച്ച് ഈ സ്ഥലത്ത് പണികഴിപ്പിച്ച ക്ഷേത്രം 1669-ൽ തകർത്തുവെന്നാണ് ഹിന്ദു പക്ഷം അവകാശപ്പെടുന്നത്.മുസ്ലീം പക്ഷമായ അഞ്ജുമാൻ ഇന്‍റസാമിയ മസ്ജിദ് കമ്മിറ്റി അംഗങ്ങൾ സർവേ ബഹിഷ്‌കരിച്ചിട്ടുണ്ട്. സർവേയ്ക്ക് എഎസ്ഐ സംഘത്തെ അനുഗമിക്കേണ്ട കമ്മിറ്റി പ്രതിനിധികൾ വിട്ടുനില്‍ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് മുസ്ലീം പക്ഷമായ അഞ്ജുമാൻ ഇന്‍റസാമിയ മസ്ജിദ് കമ്മിറ്റി.