കൂൺ കഴിച്ച കുടുംബത്തിലെ മൂന്നുപേർ മരിച്ചു

സിഡ്‌നി : കൂൺ വിഭവം കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.. ഹെതർ (66), ഗെയിൽ (70), ഡോൺ (70) എന്നിവരാണ് മരിച്ചത്. ഇയാൻ എന്ന 68കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ഭക്ഷണം വിളമ്പിയ മരുമകൾ എറിൻ പാറ്റേഴ്‌സൺ എന്ന സ്ത്രീക്കെതിരെ വിക്ടോറിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മെൽബണിൽ നിന്ന് തെക്കുകിഴക്കുള്ള ലിയോംഗാത്തയിൽ ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. ഉച്ചഭക്ഷണത്തിനായി എറിൻ്റെ വീട്ടിൽ ഒത്തുകൂടിയ അംഗങ്ങൾ കൂൺ വിഭവം കഴിച്ച ശേഷം അവശനിലയിലാകുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദന രൂക്ഷമായതിനാൽ നാലുപേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചികിത്സ തുടരുന്നതിനിടെ ഹെതറിൻ്റെയും ഗെയിലിൻ്റെയും മരണം സംഭവിച്ചു. ശനിയാഴ്ചയാണ് ഡോണിൻ്റെ മരണമുണ്ടായത്ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

മരുമകൾ വിളിമ്പയത് ഭക്ഷ്യയോഗ്യമല്ലാത്ത കൂൺ ആണെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷണം കഴിച്ചവരിൽ മൂന്ന് പേർ മരിക്കുകയും മറ്റുള്ളവർ ചികിത്സ തേടുകയും ചെയ്തപ്പോൾ യുവതിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വന്നില്ല എന്നതാണ് സംശയത്തിനിടയാക്കിയത്.ഉച്ചഭക്ഷണത്തിന് രണ്ട് കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും അവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും നേരിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മരിച്ചവർ കഴിച്ച ഭക്ഷണമല്ല കുട്ടികൾ കഴിച്ചത്. ഭക്ഷണം തയ്യാറാക്കിയ എറിൻ പാറ്റേഴ്‌സണും ആരോഗ്യ പ്രശ്നങ്ങളില്ല. ഇതാണ് പോലീസിനെ സംശയിപ്പിക്കുന്നത്.

യുവതിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. കൊലപാതക കേസുകൾ അന്വേഷിക്കുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.