ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണങ്ങളുടെ വേദിയായ ഈ മാസാവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇന്ത്യ അണിനിരത്തും.ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്തയാഴ്ച ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും ഉൾപ്പെടുന്ന പാനലായ സ്റ്റാർ സ്പോർട്സിന്റെ വിദഗ്ധ സമിതി ടൂർണമെന്റിനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. രോഹിത് ശർമ നയിക്കുന്ന ടീമിൽ സൂപ്പർ താരങ്ങളായ വിരാട് കോഹ്ലിയും, ശുഭ്മാൻ ഗില്ലും, സൂര്യകുമാർ യാദവുമാണ് സ്പെഷ്യലിസ്റ്റ് ബാറ്റർമാരായുള്ളത്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷനാണ് സ്ക്വാഡിലെ വിക്കറ്റ് കീപ്പർ.
ടീമിലെ പ്രധാന ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം . സ്പിൻ ബോളിങ് ഓൾ റൗണ്ടർമാരായ രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും ഓൾ റൗണ്ടർമാരായി സ്ക്വാഡിലുണ്ട്. ഓൾ റൗണ്ടറുടെ റോളിൽ കളിപ്പിക്കാവുന്ന ഷർദുൽ താക്കൂറും സ്റ്റാർ സ്പോർട്സ് എക്സ്പർട്സിന്റെ ഏഷ്യാകപ്പ് സ്ക്വാഡിലുണ്ട്.
പരിക്ക് മാറിയെത്തുന്ന വലംകൈയ്യൻ പേസർ ജസ്പ്രിത് ബുംറയാണ് ബോളിങ് നിരയിലെ പ്രധാനി. പേസ് നിരയിൽ അദ്ദേഹത്തിനൊപ്പം മൊഹമ്മദ് സിറാജിനെയും, മൊഹമ്മദ് ഷമിയെയുമാണ് രവി ശാസ്ത്രിയും സംഘവും തിരഞ്ഞെടുത്തത്. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരായി കുൽദീപ് യാദവും യുസ്വേന്ദ്ര ചഹലും ഈ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.
ഈ മാസം 30 ന് പാകിസ്താനും നേപ്പാളും തമ്മിൽ നടക്കുന്ന മത്സരത്തോടെയാണ് ഏഷ്യാ കപ്പിന് തുടക്കമാകുന്നത്. ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബർ രണ്ടിന് പാകിസ്താനെതിരെയാണ് . ഗ്രൂപ്പിൽ നേപ്പാളാണ് പാകിസ്താന് പുറമേ ഇന്ത്യയ്ക്കൊപ്പമുള്ളത്. സെപ്റ്റംബർ 17 ന് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും.വിൻഡീസ് പര്യടനത്തിൽ ദയനീയ പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജു സാംസനാണ് ടീമിൽ നിന്ന് തഴയപ്പെട്ട പ്രധാന താരം.കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരും സ്റ്റാർ സ്പോർട്സ് പാനലിന്റെ ഏഷ്യാകപ്പ് സ്ക്വാഡിലില്ല.
ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, രോഹിത് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷർദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, മൊഹമ്മദ് ഷമി, മൊഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ.എന്നിവരാണ് ടീമിലുള്ളത്