സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം, കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് തീരുമാനം. എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോര്‍ട്ട് 21ന് നല്‍കാന്‍ കെഎസ്ഇബി ചെയര്‍മാന് മന്ത്രി നിര്‍ദേശം നല്‍കി.

നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാന്‍ ആവില്ലെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വര്‍ധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോര്‍ഡ് ആണ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സര്‍ചാര്‍ജ് കൊണ്ടുവരാനാണ് ആലോചന. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്ന ഡാമുകളില്‍ ശേഷിക്കുന്നത് സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ്. ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെയാണ് ഈ കടുത്ത പ്രതിസന്ധി കേരളം നേരിടുന്നത്.