ഇടുക്കി: നെടുങ്കണ്ടം മാവടിയിൽ വീടിനുള്ളിൽ ഉറങ്ങി കിടന്ന ഗൃഹനാഥനെ തലയ്ക്ക് വെടിവെച്ച് കൊന്ന കേസിലെ മുഖ്യപ്രതി സജി കൊടും ക്രിമിനൽ. 1994 ൽ ദേവികുളം കമ്പക്കലിൽ വെച്ച് ഭീകരൻ തോമ എന്നറിയപ്പെടുന്ന ആളെ വെടിവച്ചശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സജി.
ഉറങ്ങിക്കിടന്ന സണ്ണിയുടെ നെറ്റിയിലും ജനലുകളിലും പതിച്ച വെടിയുണ്ടകൾ പൊതുവെ നായാട്ടു സംഘം ഉപയോഗിക്കുന്ന നാടൻ തോക്കിൽ നിന്നാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിരുന്നു.നായാട്ടു സംഘത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിനിടെ മുമ്പൊരു കൊലക്കേസിലെ പ്രതിയായിരുന്ന സജി ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ആദ്യം നായാട്ടിനിടെ അബദ്ധത്തിൽ വെടിയേറ്റതാണെന്ന് സജി സമ്മതിച്ചു.ഇതിലെ പൊരുത്തക്കേടുകൾ മനസ്സിലാക്കി കൂടുതൽ ചോദിച്ചപ്പോൾ കള്ളം പറഞ്ഞു പിടിച്ചുനിൽക്കാനാവാതെ സജി നടന്നത് തുറന്നു പറയുകയായിരുന്നു.
കഴിഞ്ഞ 15 ന് സജിയും വിനീഷും ബിനുവും ഒന്നിച്ചിരുന്ന് മദ്യപിച്ചപ്പോള്‍ പഴയ വാറ്റ് ചാരായ കേസിനെ കുറിച്ച് ചർച്ച ഉണ്ടായി. ബിനു വാറ്റുചാരായ കേസിൽ മുന്‍പ് പിടിയിലായതിന് കാരണം സണ്ണി ഒറ്റിക്കൊടുത്തതാണെന്നും ആ സണ്ണിക്ക് ഒരു പണി കൊടുക്കണമെന്ന് ബിനു സജിയോട് പറയുകയും തുടർന്ന്, സജിയും വിനീഷും ബിനുവും കൂടി സണ്ണിയെ കൊലപ്പെടുത്താനും തീരുമാനിച്ചു.ബിനുവിന്‍റെ പറമ്പിന് താഴെ പൊന്തക്കാട്ടിൽ സൂക്ഷിച്ചിരുന്ന തോക്കും തിരകളും വെടിമരുന്നും എടുത്തുകൊണ്ട് വന്ന് ബിനുവിന്‍റെ വീടിന്‍റെ തിണ്ണയിൽ ഇരുന്ന് നിറച്ച് 11 മണിയോടുകൂടി സണ്ണിയുടെ വീടിന് അടുക്കള ഭാഗത്ത് ചെന്ന് വെടിയുതിർക്കുകയായിരുന്നു.
വെടി ശബ്ദം കേട്ട് സണ്ണിയുടെ നായ ഇവർക്ക് നേരെ കുരച്ചു വന്നപ്പോൾ ഹെഡ് ലൈറ്റ് ഓഫ് ചെയ്ത് അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.ബിനുവിന്‍റെ കയ്യിൽ തോക്ക് കൊടുത്ത സജി തോക്കും വെടിമരുന്നു സാധനങ്ങളും ഉപേക്ഷിക്കാൻ നിർദേശിച്ചു. പിന്നിട് സജിയും ബിനുവും മരണവീട്ടിൽ വന്ന് പോലീസിനെയും നാട്ടുകാരെയും നിരീക്ഷിച്ചു.മുഴുവൻ സമയവും മരണവീട്ടിലും പരിസരങ്ങളിലും ഉണ്ടായിരുന്നു.സജി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ മറ്റു രണ്ടുപേരെയും ചോദ്യം ചെയ്തതിൽ അവരും കുറ്റം സമ്മതിച്ചു.
കൃത്യം നടന്ന് 48 മണിക്കൂറിനുള്ളിൽ ഈ കേസിലെ മുഴുവൻ പ്രതികളെയും പിടിക്കാൻ കട്ടപ്പന പോലീസിന് കഴിഞ്ഞു.ഇന്നലെ തന്നെ വിനുവിന്‍റെ വീടിന് സമീപമുള്ള പടുതാക്കുളം വറ്റിച്ച് തോക്കും വെടിമരുന്നും തിരകളും കണ്ടെത്തി.ബിനുവിന്‍റെ വീടിന് പിറകിലുള്ള പൊന്തക്കാട്ടിൽ ഒളിപ്പിച്ചു വച്ചിരുന്ന വിനീഷിന്‍റെ തോക്കും പോലീസ് കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.