ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ചിങ്ങം ഒന്നിന് തലസ്ഥാന നഗരിയിൽ തുടക്കമായി.വഴുതക്കാട് ഫ്രീ മേസൻസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മോഹൻലാലിന്റെ തിരുവനന്തപുരത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളും ചലച്ചിത്ര പ്രവർത്തകരും പങ്കെടുത്തു.
വളരെ നാളുകൾക്ക് ശേഷമാണ് മോഹൻലാൽ തിരുവനന്തപുരത്ത് ഒരു ചിത്രീകരണത്തിനായി എത്തുന്നത്.. കോടതി നടപടികൾ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ കോടതിയും, നിയമയുദ്ധവുമൊക്കെ കോർത്തിണക്കിയ ഒരു കോർട്ട് റൂം ഡ്രാമയാണ് സംവിധായകൻ പറയുന്നത്. നിരവധി പുതുമകളും വഴിത്തിരിവും സമ്മാനിക്കുന്ന ഒരു ചിത്രമായിരിക്കും ‘നേര്’
ശാന്തി മായാദേവി എന്ന ഒരു പുതിയ തിരക്കഥാകൃത്തിനെ ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ് പരിചയപ്പെടുത്തുന്നു.മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വനിൽ അഭിനയിച്ചു കൊണ്ട് സിനിമ രംഗത്തെത്തിയ ശാന്തി മായാദേവി ദൃശ്യം 2, നാലാംമുറ, റാം എന്നീ ചിത്രത്തിലും വിജയ് നായകനായ ലിയോ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.
ആൻ്റണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും എം. രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. ആശിർവാദിൻ്റെ അഞ്ചാമത്തെ സിനിമയും മോഹൻലാലിനോടൊത്തുളള നാലാമത്തെ ചിത്രവുമാണിതെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.ആശിർവാദിൻ്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണ് ‘നേര്’ ന്ന് ആൻ്റണി തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.അശോക് കുമാർ, രാജീവ് നാഥ്, ബി. രാകേഷ്, രാജീവ് കുമാർ, കിരീടം ഉണ്ണി, സന്നിൽ കുമാർ, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ്, രഘു ചന്ദ്രൻ നായർ, മണിക്കുട്ടൻ, ജഗദീഷ് എന്നിവർ ആശംസകൾ നേർന്നു.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും, വി.എസ്. വിനായക് എഡിറ്റിംഗും നിർവ്വഹിക്കുന്നു.പ്രിയാ മണി, അനശ്വരാ രാജൻ, ജഗദീഷ്, സിദ്ധിഖ്, നന്ദു, ശ്രീധന്യ, മാത്യു വർഗീസ്, കലേഷ്, ശാന്തി മായാദേവി, ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ, ഡോ. പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും;