ദുബായ്: ” ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിൽ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കളെ അഭിനന്ദിക്കുകയാണ്. രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്” ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ഇന്ത്യയുടെ വിജയം പ്രധാന വിദേശമാധ്യമങ്ങളെല്ലാം വൻപ്രാധാന്യത്തോടെയാണ് നൽകിയത്. സിഎൻഎൻ, ബിബിസി, അൽജസീറ തുടങ്ങി പ്രധാന വിദേശമാധ്യമങ്ങളെല്ലാം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയതും ഇന്ത്യയിലെ ആഘോഷവും തത്സമയം നൽകി. സമീപകാലത്ത് ഇന്ത്യയുടെ ഒരു നേട്ടവും ഇതു പോലെ ലോകമെങ്ങും ചലനമുണ്ടാക്കിയില്ല.റഷ്യൻ ദൗത്യത്തിൻറെ പരാജയത്തിനു ശേഷം സൗത്ത് പോളിനടുത്ത് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യം എന്ന ഈ ബഹുമതി ഇന്ത്യ സ്വന്തമാക്കി.
ചന്ദ്രന്റെ ഉപരിതലത്തിനടുത്തുള്ള പ്ലാസ്മ അയോണുകളുടെയും ഇലക്ട്രോണുകളുടെ സാന്ദ്രത വിലയിരുത്തുക, ചന്ദ്രോപരിതലത്തിലെ താപഗുണനിലവാരം അളക്കുക, ഭൂകമ്പ പ്രക്രിയകൾ പരിശോധിക്കുക എന്നിവയാണ് ചന്ദ്രയാൻ-3 ന്റെ ലക്ഷ്യങ്ങൾ. അത്യാധുനിക ശാസ്ത്രീയ പേലോഡുകളുള്ള റോവർ ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, ധാതുക്കളുടെ ഘടന വിശകലനം ചെയ്യുകയും അതിന്റെ ഘടനയെയും ചരിത്രത്തെയും കുറിച്ചുള്ള സുപ്രധാനമായ വിവരങ്ങൾ നൽകുകയും ചെയ്യും.