പോഷകസമൃദ്ധി മിഷനിലൂടെ പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും: കൃഷിമന്ത്രി പി.പ്രസാദ്

ആലപ്പുഴ: 2026 ഓടുകൂടി കേരളം പച്ചക്കറി ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പോഷകസമൃദ്ധി മിഷൻ എന്ന പേരിൽ ചിങ്ങം 1 മുതൽ പച്ചക്കറി ഉത്പാദന മിഷൻ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഹോര്‍ട്ടിക്കോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയിലൂടെ ആരംഭിക്കുന്ന കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഓണക്കാലത്ത് പഴം പച്ചക്കറി ഉത്പന്നങ്ങൾക്ക് ബോധപൂർവ്വമായി സൃഷ്ടിക്കുന്ന വിലക്കയറ്റത്തെ തടയാൻ ഇത്തരം ഓണചന്തകൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരിൽ നിന്നും 10 ശതമാനം കൂടുതൽ വില നൽകി സംഭരിക്കുന്ന ഉൽപന്നങ്ങൾ 30 ശതമാനം വരെ വില കുറച്ച് ഉപഭോക്താക്കൾക്ക് ഈ ചന്തകളിലൂടെ ലഭ്യമാക്കും. ലോകമാകെ കാലാവസ്ഥയിൽ വലിയമാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മാറുന്ന കാലാവസ്ഥയ്‌ക്ക് അനുസൃതമായി കൃഷിരീതികളിലും മാറ്റം വരുത്തണം. വെള്ളം അറിഞ്ഞ് കൃഷി ചെയ്യണം. ജലാശയങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും കഴിയണമെന്നും കൃഷി വകുപ്പ് കാർബൺ തുലിത കൃഷി രീതി പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ കേരളാ അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) ആരംഭിച്ചു. കേരളാഗ്രോ ബ്രാൻഡിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കാർഷിക ഉൽപന്നങ്ങളുടെ വിൽപ്പന ആരംഭിച്ചു. 100 ഉൽപന്നങ്ങൾ ആണ് ലക്ഷ്യമിട്ടതെങ്കിലും 205 ഉൽപന്നങ്ങൾ വില്പനയ്ക്ക് തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു. കാബ്കോ പൂർണ്ണ സജ്ജമാകുന്നതോടെ കർഷകർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആലപ്പുഴ എം.എല്‍.എ പി.പി.ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആദ്യ വിൽപന അഡ്വ. എ.എം. ആരിഫ് എം.പി. നിർവ്വഹിച്ചു.ചടങ്ങിൽ മുതിർന്ന കർഷകനായ സി.എസ് വിദ്യാധരനെയും, മുതിർന്ന കർഷകത്തൊഴിലാളിയായ സുവർണ്ണിനിയെയും ആദരിച്ചു.

ജില്ലാ കളക്ടര്‍ ഹരിത.വി.കുമാര്‍ ഐ.എ.എസ്, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ എ.എസ്. കവിത, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ എസ്. വേണുഗോപാൽ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പ് ഡയറക്ടര്‍ ഇൻചാർജ് ജോര്‍ജ് സെബാസ്റ്റ്യന്‍ സ്വാഗതവും ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിത ജയിംസ് നന്ദിയും പറഞ്ഞു.