രസഗുളയും കൂൾഡ്രിങ്‌സും, കൂട്ടുകാരന്റെ അവസാന ആഗ്രഹം സാധിച്ചു കൊടുത്തു കൊന്നു

പശ്ചിമ ബംഗാൾ,നാഡിയ : ഗെയിം കളിക്കാൻ കമ്പ്യൂട്ടർ വാങ്ങാനുള്ള പണത്തിനായി കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ.രസഗുളയും കൂൾഡ്രിങ്‌സും വേണമെന്ന കൂട്ടുകാരന്റെ അവസാന ആഗ്രഹം സാധിച്ചു കൊടുത്തതിന് ശേഷമാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കൂട്ടുകാരനെ മൂവരും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

കമ്പ്യൂട്ടർ വാങ്ങാനുള്ള പണം കൂട്ടുകാരന്റെ അമ്മയെ ഭീഷണിപ്പെടുത്തി സ്വന്തമാക്കാനായിരുന്നു കൂട്ടുകാരനെ മൂന്ന് പേരും ചേർന്ന് തട്ടിക്കൊണ്ടുപോയത്. പണം ലഭിക്കാതിരുന്നതോടെ, സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു.പശ്ചിമ ബംഗാളിലെ നാഡിയ ജില്ലയിൽ കൃഷ്ണനഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

വെള്ളിയാഴ്ച്ച വീട്ടിൽ നിന്നും കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ കുട്ടി പിന്നീട് തിരിച്ചു വന്നില്ല. ശനിയാഴ്ച്ച വൈകിട്ടോടെ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നു. മകനെ തട്ടിക്കൊണ്ടുപോയതായി അമ്മ പൊലീസിനെ വിവരമറിയിച്ചെങ്കിലും ശനിയാഴ്ച്ച രാത്രി കുട്ടിയുടെ മൃതദേഹമാണ് പൊലീസിന് കണ്ടെത്താനായത്.കൃഷ്ണനഗർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഹിജുലി എന്ന സ്ഥലത്തെ കുളത്തിൽ നിന്നാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

.കൊല്ലപ്പെട്ട പതിനാലുകാരന്റെ പിതാവ് നേരത്തേ മരിച്ചിരുന്നു. വിധവയായ അമ്മ വീട്ടുജോലി ചെയ്താണ് മകനെ പഠിപ്പിച്ചിരുന്നത്. സ്വന്തമായി വീടില്ലാത്ത ഇവർ സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.അമ്മയിൽ നിന്നും പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ  മൂന്ന് പേരും ചേർന്ന് കൂട്ടുകാരനെ കൊലപ്പെടുത്തി.കുട്ടിയെ വെറുതേ വിട്ടാൽ തങ്ങൾ പിടിക്കപ്പെടുമെന്നതിനെ തുടർന്ന് കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.കുട്ടിയുടെ അതേ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ മൂന്ന് പേരും കുറ്റം സമ്മതിച്ചു