ന്യൂഡൽഹി: അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കൾക്കായി ഡൽഹി-എൻസിആറിൽ 30-ലധികം ആഡംബര ഹോട്ടലുകളാണ് ഒരുങ്ങുന്നത്. ഉച്ചകോടിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ മുന്നോടിയായി ഡൽഹിയിലെ സുരക്ഷ വർദ്ധിപ്പിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന് വേണ്ടി ഐടിസി മൗര്യയിലാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന് താജ് പാലസ് ഹോട്ടലിലാണ് താമസ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മൊത്തത്തിൽ ഡൽഹിയിൽ 23 ഹോട്ടലുകളും എൻസിആർ പ്രദേശത്ത് 9 ഹോട്ടലുകളുമാണ് ഒരുങ്ങുന്നത്.
ഐടിസി മൗര്യ, താജ് മാൻസിങ്ങ്, താജ് പാലസ്, ഹോട്ടൽ ഒബ്രോയ്, ഹോട്ടൽ ലളിത്, ദ ലോധി, ലെ മെറീഡിയൻ, ഹയാത്ത് റസിഡൻസി, ഷാങ്രി ലാ, ലീലാ പാലസ്, ഹോട്ടൽ അശോക, ഇറോസ് ഹോട്ടൽ, ദ സൂര്യ, റാഡിസൺ ബ്ലൂ പ്ലാസ, ജെ ഡബ്ലിയു മാരിയേറ്റ്, ഷേർടൺ, ദ ലീല ആംബിയൻസസ് കൺവെൻഷൻ, ഹോട്ടൽ പുൾമാൻ, റോസെറ്റെ ഹോട്ടൽ, ദ ഇംപീരിയൽ പഴുതടച്ച സുരക്ഷയാണ് ഈ ഹോട്ടലുകളിൽ ഒരുക്കിയിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് തങ്ങുന്ന ഹോട്ടലിന്റെ ഓരോ നിലയിലും അമേരിക്കൻ സീക്രട് സർവീസിലെ കമാന്റോമാർ ഉണ്ടാകും. പ്രസിഡന്റ് ഹോട്ടലിൻ്റെ 14ാം നിലയിലാകും താമസിക്കുക. ഹോട്ടലിലെ 400 മുറികളും ബുക്ക് ചെയ്തിട്ടുണ്ട്. ഓരോ നിലകളിലും പ്രത്യേകം ലിഫ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.ഇന്ത്യൻ വംശജൻ കൂടിയായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഷാംഗ്രി-ലാ ഹോട്ടലിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ക്ലാരിഡസ് ഹോട്ടലിലുമാണ് താമസമൊരുക്കുന്നത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ് ഇംപീരിയൽ ഹോട്ടലിലും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് താജ് പാലസ് ഹോട്ടലിലും താമസിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷ വിഭാഗം നേരത്തെ തന്നെ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. പ്രസിഡന്റുമാർക്ക് പുറമെ, മറ്റ് ഉദ്യോഗസ്ഥർക്ക് വേണ്ടിയും ഹോട്ടലുകൾ ഒരുക്കിയിട്ടുണ്ട്.
20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന അതിഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അർദ്ധസൈനിക സേന, എൻഎസ്ജി കമാൻഡോകൾ, ഡൽഹി പോലീസ് സംഘങ്ങൾ എന്നിവരെ കൂടാതെ ഗ്രേറ്റർ നോയിഡയിലെ വിഐപി സുരക്ഷാ പരിശീലന കേന്ദ്രത്തിൽ 1000 പേരടങ്ങുന്ന സംഘത്തെയും സിആർപിഎഫ് സംഘടിപ്പിച്ചിട്ടുണ്ട്