ന്യൂഡൽഹി : രാജ്യത്ത് ഭരണഘടനാപരമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തില്‍ മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ചു.മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഈ സമിതിയുടെ അദ്ധ്യക്ഷനാകും. ഈ സമിതിയിലെ അംഗങ്ങൾ ആരൊക്കെ എന്നത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് (വെള്ളിയാഴ്ച) പുറപ്പെടുവിക്കുമെന്നാണ് സൂചന.
കേന്ദ്ര സർക്കാർ സെപ്റ്റംബർ 18 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. അതിൽ പല സുപ്രധാന ബില്ലുകളും അവതരിപ്പിക്കും . ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏകീകൃത സിവിൽ കോഡ്, വനിതാ സംവരണം എന്നിവയ്ക്കുള്ള ബിൽ സർക്കാര്‍ മുന്നോട്ടു വയ്ക്കും എന്നാണ് റിപ്പോര്‍ട്ട്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ നല്ല ഭാവിക്കായി എടുക്കേണ്ട ശരിയായ തീരുമാനമാണെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്ത് ആവർത്തിച്ചുള്ള തിരഞ്ഞെടുപ്പുകൾ മൂലം ഖജനാവിലെ പണവും സമ്പത്തും അമിതമായി പാഴാക്കുന്നുണ്ടെന്ന് ലോ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം.
ലോക്സഭാ, സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള പ്രായോഗിക മാർഗരേഖയും ചട്ടക്കൂടും തയ്യാറാക്കുന്നതിനായി വിഷയം കൂടുതൽ അന്വേഷണത്തിനായി നിയമ കമ്മീഷനെ ഏൽപ്പിച്ചിട്ടുണ്ടെന്ന് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിയമമന്ത്രി അർജുൻറാം മേഘ്വാൾ പറഞ്ഞിരുന്നു.രാജ്യത്ത് മുമ്പ് ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അതായത്, 1951-1952, 1957, 1962, 1967 വർഷങ്ങളിൽ ലോക്സഭയിലും രാജ്യത്തെ എല്ലാ നിയമസഭകളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിരുന്നു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനായി കമ്മിറ്റി രൂപീകരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു.”രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ എന്താണ് ഇത്ര തിടുക്കം? രാജ്യത്ത് പണപ്പെരുപ്പമുൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ട്, അതിൽ സർക്കാർ ആദ്യം നടപടിയെടുക്കണം. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഉദ്ദേശ്യം വ്യക്തമല്ല”, കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും അതൃപ്തി രേഖപ്പെടുത്തി.
ഭരണഘടനയുടെ നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് സാധ്യമല്ല, അതിനാൽ ആവശ്യമായ ചില ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിയ്ക്കും. ഭരണഘടനയിൽ സമൂലമായ ഭേദഗതി വേണമെന്നും അത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും കമ്മീഷൻ ഉറപ്പുനൽകിയിട്ടുണ്ട്.ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു രാജ്യം ഒരു നിയമം ബിൽ (UCC) നടപ്പിലാക്കുകയാണെങ്കിൽ, ഇതിനായി കുറഞ്ഞത് 5 ഭേദഗതികളെങ്കിലും ഭരണഘടനയിൽ വരുത്തേണ്ടി വരും എന്നാണ് സൂചനകള്‍.