തിരുവനന്തപുരം: വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും നാളെയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടുമെന്നും പിന്നീടുള്ള 48 മണിക്കൂറിൽ ഇത് ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്തംബർ 3 നാളെ തിരുവനന്തപുരം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ് . ഈ സാഹചര്യത്തിൽ മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. ഗവിയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു.
വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടലും ഇന്നലെ രാത്രി ഉണ്ടായിട്ടുണ്ടെന്ന് പത്തനംതിട്ട കളക്ടർ അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 08:30 മുതൽ നാളെ രാവിലെ 11:30 വരെ 0.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.