ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർഎസ് ശിവാജി അന്തരിച്ചു. 66 വയസായിരുന്നു. കോലമാവു കോകില, അൻപേ ശിവം, ധാരാള പ്രഭു തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച ആർഎസ് ശിവാജി സഹസംവിധായകൻ, സൗണ്ട് ഡിസൈനർ, ലൈൻ പ്രൊഡ്യൂസർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.നടനും നിർമാതാവുമായിരുന്ന എം.ആർ. സന്താനത്തിന്റെ മകനാണ്.
എൺപത് തൊണ്ണൂറുകളിൽ കമൽഹാസൻ സിനിമകളിലെ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ശിവാജി ശ്രദ്ധേയനാകുന്നത്.അപൂർവ സഹോദരങ്ങൾ, മൈക്കിൾ മദൻ കാമരാജൻ, ഉന്നൈപ്പോൽ ഒരുവൻ എന്നീ ചിത്രങ്ങളിലെ ആർഎസ് ശിവാജിയുടെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
കമൽ ഹാസന്റെ അടുത്ത സുഹൃത്തു കൂടിയായ ശിവാജി വിക്രം സിനിമയിലും ഒപ്പം അഭിനയിച്ചിട്ടുണ്ട്.
ഹരിഷ് കല്യാണിന്റെ ധാരാള പ്രഭു, സൂര്യ നായകനായ സൂരറൈ പോട്ര്, സായി പല്ലവി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗാർഗി എന്നീ സിനിമകളിലും രസകരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.