ന്യൂഡല്‍ഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പാക്കുന്നത് പഠിക്കാൻ ഉന്നത തല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായുള്ള എട്ടംഗ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭ പ്രതിപക്ഷ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, രാജ്യസഭയിലെ മുൻ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദ്, മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ, ലോക്‌സഭയുടെ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, പതിനഞ്ചാം സാമ്പത്തിക കമ്മിഷൻ മുൻ ചെയർമാൻ എൻ കെ സിംഗ്, മുൻ ചീഫ് വിജിലൻസ് കമ്മിഷണർ സഞ്ജയ് കോത്താരി എന്നിവർ അംഗങ്ങളാണ്.
കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതേൻ ചന്ദ്രയാണ് സമിതി സെക്രട്ടറി.കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്‌വാളിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി.പൊതുതെരഞ്ഞെടുപ്പും, എല്ലാ അസംബ്ലികളിലേക്കുള്ളതും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒരേ സമയം നടത്തുന്നത് സമിതി പരിശോധിക്കും.
ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സാധ്യതകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് സമിതി നേരത്തെ പരിശോധിച്ചിരുന്നു.എട്ടംഗ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും ഇത് സംബന്ധമായി തീരുമാനം എടുക്കുക എന്ന് പാർലമെൻററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു