മുംബൈ : താൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്നും ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന. തന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രീം ഗേൾ 2ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ആയുഷ്മാൻ ഖുറാന ഇക്കാര്യം വെളിപ്പെടുത്തിയത്.
തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ട്. പ്രത്യേകിച്ച് മലയാള സിനിമയിൽ. ഞാൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ്. നല്ല അവസരം ലഭിച്ചാൽ അദ്ദേഹത്തിനൊപ്പം തീർച്ചയായും അഭിനയിക്കും. കാരണം അദ്ദേഹത്തിന്റെ സിനിമകളെല്ലാം എന്റെ ഹൃദയത്തിൽ ഇടംപിടിക്കുന്നു. ഫഹദിന്റെ കുമ്പളങ്ങി നൈറ്റ്സ് പോലെയുള്ള ചിത്രങ്ങൾ വലിയ ഇഷ്ടമാണ്. സിനിമയുടെ സൗണ്ട് ട്രാക്ക് എനിക്കിഷ്ടമാണ്. മലയാള സിനിമ വളരെ ലളിതമാണ് നമുക്കൊപ്പം ചേർന്നുനിൽക്കുന്നതുമാണ്. അതെന്നും വേരുറച്ച് നിൽക്കും. ആയുഷ്മാൻ ഖുറാന പറഞ്ഞു.
2019 ൽ പുറത്തിറങ്ങിയ ഡ്രീം ഗേൾ എന്ന കോമഡി എന്റർട്രെയിനെർ
സിനിമയുടെ രണ്ടാംഭാഗമാണ് ഡ്രീം ഗേൾ 2. രാജ് ശാന്ദില്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്യ പാണ്ഡെയാണ് നായിക. പരേഷ് റാവൽ, അന്നു കപൂർ, രാജ്പാൽ യാദവ്, വിജയ് റാസ് എന്നിവരാണ് ചിത്രത്തിൽ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഏക്ത കപൂർ–ശോഭ കപൂർ എന്നിവര്‍ ചേർന്നാണ് ഡ്രീം ഗേൾ2 നിർമിച്ചിരിക്കുന്നത്.