റാബത്ത്: മൊറോക്കോയിലെ ഭൂകമ്പത്തിൽ മരണം രണ്ടായിരം കടന്നു.തകർന്ന കെട്ടിടങ്ങൾക്കും വീടുകളും അടിയിൽ നൂറുകണക്കിന് പേർ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. യാത്ര സംവിധാനം താറുമാറായത് രക്ഷപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.1960ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പത്തിൽ പൈതൃക നഗരമായ മരക്കേഷിൽ അടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ അൽ-ഹൗസ് പ്രവിശ്യയിലാണ് പകുതിയിലധികം ആളുകളും മരിച്ചത്. മാരാക്കേഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്.അൽ ഹൗസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് തരൗഡന്റ് പ്രവിശ്യയിലാണ്. 452 പേർ ഇവിടെ മരണപ്പെട്ടതായാണ് വിവരം.
വിവിധ അറബ് രാജ്യങ്ങൾ മൊറോക്കോയ്ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച രാത്രി 11:11 നാണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ദുരന്തത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.