ചെന്നൈ: വിവാഹവാഗ്ദാനം നൽകി ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു ,നടിയുടെ പരാതിയിൽ മുൻ സംവിധായകനും നാം തമിഴർ കക്ഷി (എൻടികെ) നേതാവുമായ സീമന് ചോദ്യം ചെയ്യലിന് നോട്ടീസ്.വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന ആരോപിച്ച് ചലച്ചിത്ര നടി കമ്മീഷണർക്ക് നൽകിയ ലൈംഗികാതിക്രമ പീഡന പരാതിയിൽ ചെന്നൈ സിറ്റി പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.
തമിഴ് ദേശീയവാദി നേതാവായ സീമാന് വെള്ളിയാഴ്ച രാത്രിയിൽ പോലീസ് അയച്ച സമൻസിൽ ശനിയാഴ്ച പോലീസിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ച് സെപ്റ്റംബർ 12 ചൊവ്വാഴ്ച ഹാജരാകുമെന്ന് അദ്ദേഹം പോലീസിനെ അറിയിക്കുകയായിരുന്നു.സീമൻ തന്നെ രഹസ്യമായി വിവാഹം ചെയ്തുവെന്നും ലൈംഗികമായി ഉപയോഗിച്ചതിന് ശേഷം തന്നെ ചതിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, ബലാത്സംഗം, തമിഴ്നാട് സ്ത്രീപീഡന നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകളിലായാണ് സീമാനെതിരെ കേസെടുത്തിരിക്കുന്നത്. തിരുവള്ളൂരിലെ മജിസ്‌ട്രേട്ടിന് മുന്നിലും നടി മൊഴി നൽകിയിരുന്നു.തനിക്കെതിരെ വന്നിരിക്കുന്ന പരാതിയിൽ സത്യത്തിൻ്റെ കണിക പോലുമില്ലെന്ന് സീമൻ പ്രതികരിച്ചു. പുതിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് താൻ കാത്തിരിക്കുകയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തനിക്ക് നേരെ ഉണ്ടായിരിക്കുന്ന ഈ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.