ഒരു ദിവസത്തെ ഏറ്റവും വലിയ കളക്ഷൻ,രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷൻ,റെക്കോഡുകൾ തകർത്ത് ‘ജവാൻ’

ആറ്റ്ലിയുടെ സംവിധാനത്തിലിറങ്ങിയ ഷാരുഖ് ഖാൻ ചിത്രം ‘ജവാൻ’ ബോക്സോഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുന്നു.ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് ഡേ കളക്ഷൻ സ്വന്തമാക്കി എന്നതിന് പുറമെ ഒരു ദിവസത്തെ ( ഞായറാഴ്ച )ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോഡ് കൂടി സിനിമ സ്വന്തമാക്കി തേരോട്ടം തുടരുകയാണ്.

ഇന്ത്യയിൽ നിന്ന് മാത്രം ഞായറാഴ്ച 85 കോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്, തെലുങ്ക് പതിപ്പുകള്‍ 81 കോടി നേടിയപ്പോൾ ആദ്യ നാലുദിവസത്തിൽ 206.06 കോടിയുടെ കളക്ഷൻ നേടിയെന്ന് ട്രേഡ് എക്സ്പെർട്ട് മനോബാല സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആദ്യദിന കളക്ഷൻ എന്ന റെക്കോ‍ഡ് സണ്ണി ഡിയോളിന്റെ ഗദ്ദര്‍ 2നെ മറികടന്നാണ് ജവാൻ സ്വന്തമാക്കിയത്.ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തിയ ഗദ്ദർ 2 ആദ്യ ആഴ്ച 134.88 കോടി രൂപയാണ് സ്വന്തമാക്കിയത്.

ആദ്യ സ്ഥാനത്ത് ഷാരുഖിന്റെ പത്താൻ തന്നെ തുടരുകയാണ്. ജനുവരിയിൽ റിലീസായ പത്താൻ ആദ്യ ആഴ്ചയിൽ (അഞ്ചുദിവസംകൊണ്ട്) 280.75 കോടി രൂപയാണ് കളക്ഷൻ ഇനത്തിൽ നേടിയത്.ഷാരുഖിന് പുറമെ നയൻതാരയും വിജയ് സേതുപതിയും ദീപിക പദുകോണും അഭിനയിച്ച ചിത്രം ജവാന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയും ഷാരുഖ് ഖാൻ കഴിഞ്ഞ ദിവസം നൽകി. ” ഞാനും വിജയ് സേതുപതി സാറിന്റെ വലിയ ആരാധകനാണ്. ഇതിനകം തന്നെ കാളിയുടെ കള്ളപ്പണം എടുത്തിട്ടുണ്ട്, ഞാൻ ഇപ്പോൾ മറ്റുള്ളവരുടെത് സ്വിസ് ബാങ്കിൽ നിന്ന് എടുക്കും ” ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി ഷാറൂഖ് ഖാൻ പറഞ്ഞു.

ദീപിക പദുകോൺ, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുണ്ട്. പ്രിയാ മണി, സന്യ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ, റിധി ദോഗ്ര എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.