ദല്ലാൾ നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയെന്ന വിഡി സതീശന്റെ ആരോപണം ശുദ്ധ അസംബന്ധം, മുഖ്യമന്ത്രി

തിരുവനന്തപുരം: ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി.അധികാരത്തിൽ എത്തി മൂന്നാം ദിവസം മുഖ്യമന്ത്രി സോളാർ കേസിലെ പരാതികാരിയെ കണ്ടുവെന്നും ദല്ലാൾ നന്ദകുമാറാണ് ഇടനില നിന്നതെന്നുമായിരുന്നു വിഡി സതീശന്റെ ആരോപണം.

സതീശനും വിജയനും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. ദല്ലാൾ തന്റെ അടുത്തു വന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞു. കേരള ഹൗസിൽ ബ്രേക്‌ഫാസ്റ് കഴിക്കുമ്പോൾ സതീശൻ അത് പറയുമോ എന്നറിയില്ല. എന്നാൽ അത് പറയാൻ വിജയനു മടിയില്ല.നന്ദകുമാർ തന്നെ വന്നു കണ്ടിട്ടില്ല. മറ്റു പലയിടത്തും പോകുമെങ്കിലും തന്നെ വന്നു കാണാൻ അയാൾ തയ്യാറാകുമെന്ന് തോന്നുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാഷ്ട്രീയ താൽപര്യത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിച്ചു. സിബിഐ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ല. അതിനാൽ പരാമർശങ്ങൾക്ക് മറുപടി പറയാൻ കഴിയില്ല. ഊഹിച്ചെടുത്ത് അതിന്മേൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഒന്നും മറച്ചുവക്കാൻ ഇല്ലാത്തതുകൊണ്ടാണ് ചർച്ചയ്ക്ക് തയ്യാറായത്.മുഖ്യമന്ത്രി പറഞ്ഞു.

50 ലക്ഷം രൂപ നൽകിയാണ് ദല്ലാൾ നന്ദകുമാർ പരാതിക്കാരിയിൽ നിന്ന് കത്ത് വാങ്ങിയത്. പക്ഷേ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി പിന്നീട് പരാതി എഴുതി വാങ്ങി സിബിഐയ്ക്ക് വിടുകയായിരുന്നവെന്നും സോളാർ ഗൂഢാലോചന സിബിഐ തന്നെ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.