പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റിന് ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ

കൊളംബോ: പാകിസ്ഥാനെ രണ്ടുവിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്തി.മഴ ഇടയ്ക്ക് കളി തടസപ്പെടുത്തിയതിനാൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റൺസായി നിശ്ചയിക്കുകയായിരുന്നു.പാകിസ്ഥാന്‍ 42 ഓവറില്‍ 7ന് 252. ശ്രീലങ്ക 42 ഓവറില്‍ എട്ടിന് 252 ആണ് സ്കോർ.

ചരിത് അസലങ്കയുടെ (49 നോട്ട് ഔട്ട്) ചെറുത്തുനില്‍പ്പാണ് ടീമിന് ജയം സമ്മാനിച്ചത്.ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന് പരിക്കായതിനാല്‍ പകരമായി എത്തിയ അബ്ദുള്ള ഷഫീഖ് (52) കരിയറിലെ ആദ്യ അര്‍ധസെഞ്ചുറി നേടി. അബ്ദുള്ളയുടെ നാലാം ഏകദിനമാണിത്. നാലാമനായ മുഹമ്മദ് റിസ്വാന്‍ 73 പന്തില്‍ 86 റണ്‍സുമായി പുറത്താകാതെ നിന്നു. ഇതില്‍ ആറുഫോറും രണ്ടു സിക്‌സും ഉൾപ്പെടുന്നു.ഓപ്പണര്‍ ഫഖര്‍ സമാന്‍ (4) അഞ്ചാം ഓവറില്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ അബ്ദുള്ളയും ബാബര്‍ അസമും (29) ചേര്‍ന്ന് 64 റണ്‍സ് ചേര്‍ത്തു.

ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കുവേണ്ടി മതീഷ പതിരണ മൂന്നുവിക്കറ്റും പ്രമോദ് മധുഷന്‍ രണ്ടുവിക്കറ്റും നേടി. ഇന്ത്യയ്‌ക്കെതിരെ തിളങ്ങിയ യുവ സ്പിന്നര്‍ ദുനിത് വെല്ലാലഗെ ഒരു വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഓപ്പണിങ് കൂട്ടുകെട്ട് വേഗം തകര്‍ന്നെങ്കിലും മൂന്നാം വിക്കറ്റില്‍ മെന്‍ഡിസ്-സമരവിക്രമ സഖ്യം പിടിച്ചുനിന്നു.