വാഗമണ്ണ് : വാഗമണ്ണിലെ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി വിനോദ സഞ്ചാരികള്‍. മഴ പെയ്താൽ മഞ്ഞു വീണാൽ കയറി ഇരിക്കാന്‍ ഒരു സൗകര്യവും സര്‍ക്കാര്‍ വാഗമണ്ണിൽ ഒരുക്കിയിട്ടില്ല. മഴയും മഞ്ഞുമേറ്റ് വിറച്ചു കൊണ്ട് മൂന്നു മണിക്കൂറിൽ കൂടുതലാണ് കുട്ടികള്‍ വരെ കാത്തുനിന്നത്.എന്നിട്ടും ബ്രിഡ്ജില്‍ കയറാന്‍ സാധിച്ചില്ല.
മഴ കനത്തതോടെ വിനോദ സഞ്ചരികള്‍ ടിക്കറ്റ് പണം റീഫണ്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു.തുക റീഫണ്ട് ചെയ്യാന്‍ അധികൃതര്‍ തയാറായില്ല.വിനോദ സഞ്ചാരികളും അധികൃതരും തമ്മില്‍ തര്‍ക്കമുണ്ടായി. മഴയത്ത് ആരെയും ബ്രിഡ്ജിലേക്ക് കയറ്റാത്തത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി.രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജാണ് വാഗമണ്ണിലേത്.ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസാണ് പാലം നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.120 അടി നീളമുള്ള പാലത്തിന് മൂന്നുകോടി രൂപയാണ് ചെലവ്.
സമുദ്രനിരപ്പില്‍നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലം രാജ്യത്താകമാനമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളിലെ വിദൂരക്കാഴ്ചകള്‍ ഗ്ലാസ് ബ്രിഡ്ജില്‍ നിന്ന് കാണാനാവും. ഡി.ടി.പി.സി.യും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സും ചേര്‍ന്നാണ് ചില്ലുപാലം നിര്‍മിച്ചത്.ഭീമാകാരമായ പോള്‍ സ്ട്രക്ചറില്‍ മറ്റു സപ്പോര്‍ട്ടുകള്‍ ഒന്നും ഇല്ലാതെ വായുവില്‍ നില്‍ക്കുന്ന മാതൃകയില്‍ ഉരുക്ക് വടങ്ങള്‍ ഉപയോഗിച്ചു ബന്ധിപ്പിച്ചു നിര്‍ത്തിയാണ് ബ്രിജ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
മഴ കനത്തതോടെ വിനോദ സഞ്ചാരികളെ പാലത്തില്‍ കയറ്റിയില്ല, ടിക്കറ്റ് തുക തിരിച്ചും നല്‍കിയില്ല.മഴയും മഞ്ഞും കൊള്ളാതെ കയറി നില്‍ക്കാന്‍ ഒരു ഷെഡുപോലുമില്ല.സര്‍ക്കാര്‍ ഫീസ് വാങ്ങിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കണമെന്ന് പ്രകോപിതരായ വിനോദസഞ്ചാരികള്‍ പറഞ്ഞു.