മധുവിനെ കുറിച്ച് പറയുമ്പോൾ മമ്മൂട്ടിക്ക് നൂറ് നാവാണ്. ഏറ്റവും പ്രിയപ്പെട്ട നടന്‍ ആരെന്ന് മമ്മൂട്ടിയോട് ചോദിച്ചാൽ പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല, ഒരു പേര് മാത്രമെ കാണൂ മധു.മധുവിനെ കുറിച്ച് ചോദിച്ചാൽ മമ്മൂട്ടി വാചാലനാകും.വളരെ വേണ്ടപ്പെട്ടയാൾ എന്ന് എപ്പോഴും മനസ് പറയുന്നൊരാളും പണ്ടേ ഞാൻ സ്വപ്നം കാണുന്ന ആളുമായിരുന്നു അദ്ദേഹം, മമ്മൂട്ടി പറയുന്നു.
“എന്റെ നാടായ വൈക്കം ചെമ്പിനടുത്ത് മുറിഞ്ഞ പുഴയില്‍ കാട്ടുപൂക്കളുടെ ഷൂട്ടിങ് നടക്കുന്ന സമയമാണത്. ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു. ഷൂട്ടിങ് കാണാനുള്ള കൊതിയില്‍ കൂട്ടുകാരനുമൊത്ത് ചെറിയൊരു വള്ളം തുഴഞ്ഞ് അവിടേക്ക് പോവുക ആയിരുന്നു. വള്ളവുമായി കാത്തുനില്‍ക്കുമ്പോള്‍ ഒരു സ്വപ്നം പോലെ മധു സാര്‍ അതാ ഞങ്ങളുടെ വള്ളത്തില്‍ വന്നുകയറി. അതില്‍പരം ഒരു ത്രില്‍ ഉണ്ടോ?”, മനോരമ ആഴ്ചപ്പതിപ്പിൽ മമ്മൂട്ടി കുറിച്ചു.
എവിടുന്നോ കിട്ടിയ ഗൗരീശപട്ടണം എന്നൊക്കെ ഉള്ള വിലാസത്തിൽ ‘ഞാൻ അങ്ങയുടെ ആരാധകനാണ്’ എന്നു പറഞ്ഞു ആദ്യമായി കത്തെഴുതിയതും മമ്മൂട്ടി ഓർക്കുന്നു.മലയാള സിനിമയിലെ നെടുംതൂണായി, മമ്മൂട്ടിയായി മാറിയപ്പോഴും മധുവിനോടുള്ള ആരാധന കൂടെ കൊണ്ട് നടന്നു.പടയോട്ടം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് തന്റെ ആരാധന മധുവിനോട് തുറന്നു പറഞ്ഞതു മുതൽ ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം തുടങ്ങി.അടുത്തിടെ കണ്ടപ്പോള്‍ സാറിന്റെ തലയില്‍ നിറയെ മുടിയുണ്ടല്ലോ. ഇനി ഡൈ ചെയ്യുന്നതൊക്കെ നിര്‍ത്താം എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല അദ്ദേഹം ഡൈ ചെയ്യുന്നത് അവസാനിപ്പിച്ചു, മമ്മൂട്ടി കുറിച്ചു.
ഞാൻ മമ്മൂട്ടിയെ സ്നേഹിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി മമ്മൂട്ടി എന്നെ സ്നേഹിക്കുന്നുണ്ടെന്ന മധുവിന്റെ വാക്കുകളിലുണ്ട് അവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴം.