തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സഹകരണ മേഖലയെയും അതിന്റെ സാമ്പത്തിക ഭദ്രതയെയും തകർക്കാനുള്ള ശ്രമം അനുവദിക്കില്ല. സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള കോടാനുകോടി രൂപയിൽ ഒരു ചില്ലിക്കാശ് പോലും നഷ്ടപ്പെടുമെന്ന ആശങ്ക ആർക്കും വേണ്ട. മേഖലയെ പൂർണമായി സംരക്ഷിക്കുമെന്ന് സർക്കാർ തന്നെ ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി.
നാട്ടിലുള്ള ആളുകളാണ് സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകർ. അതിൽ പലരുടെയും കഴുകൻ കണ്ണെത്താൻ ഇടയാക്കിയിട്ടുണ്ട്. നിക്ഷേപം എങ്ങനെ കൈക്കലാക്കുമെന്നാണ് പലരും ആലോചിക്കുന്നത്. കേരളം ഇത്തരത്തിലൊരു പ്രത്യേകതയാർജിച്ചു നിൽക്കുന്നതിന് സഹകരണ മേഖലയുടെ അഭിവൃദ്ധി ഒരു ഘടകമാണ് എന്നും ഇവർ കണക്കാക്കുന്നു. ഇവിടത്തെ നിക്ഷേപങ്ങൾ ചില മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലേക്ക് വലിക്കാൻ ശ്രമം നടക്കുന്നുവെന്നും അതിന്റെ പരസ്യങ്ങളിൽ ആകൃഷ്ടരായി വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എം.പി.മാരുടെ യോഗം വിളിച്ച് കേരളത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ നടപടി വിശദീകരിച്ചു. ഈ വിഷയത്തിൽ എല്ലാ എം.പി.മാരും യോജിച്ച് കേന്ദ്ര ധനമന്ത്രിയെക്കാണാനുള്ള തീരുമാനം കൈക്കൊണ്ടു. എന്നാൽ, പിന്നീട് കേന്ദ്രത്തിന് നൽകാൻ തയ്യാറാക്കിയ നിവേദനത്തിൽ പോലും ഒപ്പിടാൻ യു.ഡി.എഫ്. എം.പി.മാർ തയ്യാറായില്ലെന്നും പിണറായി പറഞ്ഞു.
കോൺഗ്രസിന് കേരളത്തിന് അകത്തും പുറത്തും വെവ്വേറെ നയങ്ങളാണ്.ധൂർത്ത് ആരോപിച്ച് നവംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ‘കേരളീയം’ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത്. നാടിനെ അഭിവൃദ്ധിപ്പെടുത്താൻ നടത്തുന്ന പ്രവർത്തനങ്ങളെ ധൂർത്തിന്റെ പട്ടികയിലാണോ പെടുത്തേണ്ടത്? സർക്കാരിനൊപ്പം നിന്നില്ലെങ്കിലും നാടിനോടൊപ്പം നിൽക്കണമെന്നും ബി.ജെ.പി.യെ തുറന്നുകാണിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.