കോയമ്പത്തൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കമൽഹാസൻ,തങ്ങൾ തന്നെ മത്സരിക്കുമെന്ന് സിപിഎം

ചെന്നൈ: വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്നു മത്സരിക്കാൻ തയാറാണെന്ന നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിജയിച്ച മണ്ഡലങ്ങളിൽ ഇത്തവണയും തങ്ങൾ തന്നെ മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടകറി കെ ബാലകൃഷ്ണൻ. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ കോയമ്പത്തൂരിൽ നിലവിൽ പിആർ നടരാജനാണ് എംപി.

ഡിഎംകെ മുന്നണിയുടെ ഭാഗമായാണ് തമിഴ്നാട്ടിൽ സിപിഎം മത്സരിക്കുന്നത്. കമൽഹാസനും ഡിഎംകെ മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് കോയമ്പത്തൂർ സീറ്റിനായുള്ള അവകാശവാദങ്ങൾ.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധുരയും കോയമ്പത്തൂരും ഞങ്ങൾക്ക് തന്നതാണ്. വിജയിച്ച മണ്ഡലങ്ങളിൽ തന്നെ ഞങ്ങൾ ഇത്തവണയും മത്സരിക്കും. അതിൽ എങ്ങനെയാണ് മാറ്റം വരുത്തുക.പലർക്കും താത്പര്യം കാണും. സിപിഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

സഖ്യകക്ഷികൾക്ക് സമ്മതം എങ്കിൽ ആർക്കും മുന്നണിയിലേക്ക് വരാം. എന്നാൽ ഇതുവരെ ഒരു സന്ദേശവും തങ്ങൾക്ക് ലഭിച്ചിട്ടില്ല.ഡിഎംകെയുമായി മുന്നണിയിലുണ്ടാക്കിയ ധാരണ നിലനിൽക്കുന്നുണ്ടെന്നും കമൽഹാസന്‍റെ മുന്നണി പ്രവേശനത്തെ എതിർക്കില്ലെന്നും സിപിഎം നേതാവ് കെ ബാലകൃഷ്ണൻ പറഞ്ഞു.ഡിഎംകെ സഖ്യം തെരഞ്ഞെടുപ്പിനുവേണ്ടിയുള്ളതല്ല, നയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ എഐഡിഎംകെ എൻഡിഎ വിട്ട സാഹചര്യത്തിൽ എഐഡിഎംകെക്കൊപ്പം ഡിഎംകെ മുന്നണിയിലെ ചില പാർട്ടികൾ പോയേക്കുമെന്ന അഭ്യൂഹവും സിപിഎം തള്ളി.