ന്യൂഡൽഹി: ഇടത് തീവ്രവാദം രണ്ടുവർഷത്തിനകം രാജ്യത്ത് നിന്ന് പൂർണമായും ഇല്ലാതാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച് നീങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ പ്രമേയം പാസ്സാക്കി.പ്രധാനമന്ത്രി മോദിയുടെ നിശ്ചയദാർഢ്യത്തോടെയും ഇടതുപക്ഷ തീവ്രവാദം ബാധിച്ച എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ 2022ലും 2023ലും അതിനെതിരെ വലിയ വിജയങ്ങൾ കൈവരിച്ചതായി അമിത് ഷാ പറഞ്ഞു.
മുഖ്യമന്ത്രിമാർ ഉപമുഖ്യമന്ത്രിമാർക്ക് പുറമെ കേന്ദ്രമന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സിഎപിഎഫ് ഡയറക്ടർ ജനറൽമാർ, കേന്ദ്ര സർക്കാർ സെക്രട്ടറിമാർ, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പൊലീസ് ഡയറക്ടർ ജനറൽമാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്തു.
സർക്കാരിന്റെ നയത്തിന്റെ ഫലമായി, തീവ്ര ഇടത് സംഘനടകളുമായി ബന്ധപ്പെട്ട അക്രമങ്ങളുടെയും മരണങ്ങളുടെയും ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയത് 2022ൽ ആണ്. 2005 മുതൽ 2014 വരെയുള്ള കാലയളവിനെ അപേക്ഷിച്ച് അക്രമം, മരണങ്ങൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണം, സിവിലിയൻ മരണങ്ങൾ എന്നിവ 2014 നും 2023 നും ഇടയിൽ വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. ഇടതുതീവ്രവാദത്തെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള പ്രമേയം കൈക്കൊള്ളുന്ന വർഷമാണിതെന്നും അമിത് ഷാ പറഞ്ഞു.
ഇടതുപക്ഷ തീവ്രവാദത്തിനെതിരായ സിഎപിഎഫുകളുടെ വിന്യാസം, പ്രശ്നബാധിത പ്രദേശങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കൽ എന്നിവയ്ക്ക് നരേന്ദ്ര മോദി സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നത്.കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 195 പുതിയ ക്യാമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. 44 എണ്ണം കൂടി സ്ഥാപിക്കും.ഇടതുപക്ഷ തീവ്രവാദ ബാധിത സംസ്ഥാനങ്ങളിൽ റോഡ് നിർമ്മാണം, ടെലികമ്മ്യൂണിക്കേഷൻ, സാമ്പത്തിക സഹായം, നൈപുണ്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും വികസനം വേഗത്തിലാക്കാൻ മോദി സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.