കൊച്ചി: വിമാനയാത്രയ്ക്കിടെ യുവനടി ദിവ്യ പ്രഭയോട് മോശമായി പെരുമാറിയെന്ന കേസിലെ പ്രതി തൃശൂർ സ്വദേശി ആന്റോ ഒളിവിലാണെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽവച്ച് മലയാള യുവനടി ദിവ്യ പ്രഭക്ക് നേരെ സഹയാത്രികനായ ആന്റോയിൽ നിന്നും മോശം പെരുമാറ്റമുണ്ടായത്. മദ്യലഹരിയിൽ ആയിരുന്ന പ്രതി തന്നോട് മോശമായി പെരുമാറിയെന്ന് നടി പോലീസിന് പരാതി നൽകുകയായിരുന്നു.
ഒക്ടോബർ പത്തിന് വൈകിട്ട് 5.20ന് മുംബൈയിൽ നിന്നും പുറപ്പെട്ട് രാത്രി 7.25ന് കൊച്ചിയിൽ എത്തിച്ചേർന്ന AI 681 എന്ന വിമാനത്തിൽ വെച്ചാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് നടി അറിയിച്ചു. ആരോപണവിധേയനായ സഹയാത്രികനും താനും തമ്മിൽ ഒരു സീറ്റിന്റെ വ്യത്യാസ്തിലായിരുന്നു ഇരുന്നത്. പിന്നീട് അയാൾ തന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരിക്കുകയായിരുന്നു. തുടർന്ന് തന്നോട് സംസാരിക്കുക എന്ന വ്യാജേന ശരീരത്തിൽ സ്പർശിക്കുകയും പ്രതി ചെയ്തുയെന്ന് നടിയുടെ പരാതിയിൽ പറയുന്നു.
ക്യാബിൻ ക്രൂവിനെ അറിയിച്ചപ്പോൾ തന്നോട് മറ്റൊരുടത്തേക്ക് മാറി ഇരിക്കാനാണ് നിർദേശിച്ചത്.വിമാനം കൊച്ചിയിൽ എത്തി എയർ ഇന്ത്യ ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞപ്പോൾ പോലീസിൽ പരാതി നൽകാൻ പറയുക മാത്രമാണെന്ന് ചെയ്തതെന്ന് നടി ദിവ്യ പ്രഭ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.എയർ ഇന്ത്യയുടെ ക്രാബിൻ ക്രൂവിന്റെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും പ്രതികരണം തന്നെ നിരാശപ്പെടുത്തിയതായി നടി വ്യക്തമാക്കി.
സംഭവത്തിൽ പോലീസ് കേസെടുത്തതോടെയാണ് ഇയാള് മുങ്ങിയതെന്ന് പോലീസ് പറയുന്നു.ബുധനാഴ്ച രാത്രി പ്രതിയുടെ വീട്ടില് പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.ഒളിവിൽ പോയ പ്രതി ആന്റോയ്ക്കായി തൃശൂരും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്