കോഴിക്കോട്: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ ഹമാസിനെ ഭീകരർ എന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ചു് കെ ടി ജലീല്‍.ഹിറ്റ്ലർ ജൂതരോട് കാണിച്ച അതേ ക്രൂരതയാണ് ഇസ്രായേൽ പലസ്തീനികളോട് കാണിക്കുന്നതെന്നും ഹമാസ് ഭീകരരെങ്കിൽ ഇസ്രായേൽ കൊടുംഭീകരരാണെന്നും കെ ടി ജലീല്‍ എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.മനഃസാക്ഷിയുള്ളവരെല്ലാം ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ അപലപിക്കുമെന്ന് ശൈലജ നിലപാട് വ്യക്തമാക്കിയിരുന്നു.
“ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മനഃസാക്ഷിയുള്ളവരെല്ലാം അപലപിക്കും. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല, പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്തം” ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു.
ഇസ്രായേൽ – ഹമാസ് സംഘർഷത്തിൽ പലസ്തീന് സിപിഎം പരസ്യ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഹമാസിനെ ‘ഭീകരർ’ എന്ന് വിശേഷിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി കെ കെ ശൈലജ രംഗത്ത് വന്നത്.പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തെത്തിയിരുന്നു. ഹമാസ് നടത്തിയ ആക്രമണത്തിന് ഇസ്രായേൽ നടത്തുന്ന തിരിച്ചടിയെന്ന മാധ്യമ ചർച്ചകൾ ശരിയല്ലെന്നും, ഇസ്രായേൽ നടത്തിയ പ്രകോപനങ്ങളോട് ഹമാസാണ് തിരിച്ചടിച്ചതെന്നും എം എ ബേബി പറഞ്ഞു. പലസ്തീൻ രാഷ്ട്രമെന്ന ആവശ്യമാണ് ഇരുവരും ഉയർത്തിയത്.