ഡമാസ്‌കസ് : ഇസ്രായേൽ ഹമാസ് ഏറ്റുമുട്ടൽ തുടരുന്നതിനിടെ സിറിയയിലെ രണ്ട് പ്രധാനപ്പെട്ട വിമാനത്താവളങ്ങൾ ലക്ഷ്യം വച്ച് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി സിറിയൻ മാധ്യമങ്ങൾ.തലസ്ഥാനമായ ഡമാസ്കസിലേയും വടക്കൻ നഗരമായ അലെപ്പോയിലേയും വിമാനത്താവളങ്ങൾക്ക് നേരെയാണ് മിസൈൽ ആക്രമണമുണ്ടായത്.തുടർച്ചയായുണ്ടായ ആക്രമണത്തിൽ വിമാനത്താവളങ്ങളുടെ എയർസ്ട്രിപ്പുകൾക്ക് സാരമായ തകരാറുകൾ ഉണ്ടായിട്ടുണ്ട്.
സിറിയൻ സർക്കാർ നേരിട്ട് നിയന്ത്രിക്കുന്ന ഈ രണ്ട് വിമാനത്താവളങ്ങളും. നിലവിൽ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.ഒരു പതിറ്റാണ്ടിലേറെയായി നടക്കുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിനിടെ ഇറാൻ പിന്തുണയുള്ള സായുധ സംഘടനകളേയും ലക്ഷ്യംവച്ച് നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് നടക്കുന്നത്.കഴിഞ്ഞയാഴ്ച സിറിയക്ക് നേരെ ഇസ്രായേൽ ഷെല്ലാക്രമണം നടത്തിയിരുന്നു. ഗാസ മുനമ്പിൽ ഉപരോധം ശക്തമാക്കുന്നതിന് ഇസ്രായേൽ സിറിയക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടിരുന്നു.
ഗാസയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വ്യോമാക്രമണം ശക്തമാക്കുന്നതിനൊപ്പം തന്നെ ഗാസയിലെ ജല, വൈദ്യുതി, ഇന്ധന വിതരണം നിർത്തിവച്ചു ഇസ്രായേൽ.ഇന്ധനം തീർന്നതോടെ പ്രദേശത്തുള്ള ഏക താപനിലയം അടച്ചുപൂട്ടി.ഇതോടെ ഗാസ പൂർണമായും ഇരുട്ടിലായിരിക്കുകയാണ്. ഇസ്രയേലിന്റെ അധിനിവേശത്തിൽ ഇതുവരെ രണ്ട് ലക്ഷത്തോളം ആളുകൾ ഗാസയിൽ നിന്നും വീടൊഴിഞ്ഞതായി ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങളിൽ പലസ്തീൻ നടത്തിയ ചെറുത്തുനിൽപ്പിലുണ്ടായ നഷ്ടങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള തീവ്രമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ആക്രമണമെന്നും സിറിയൻ സൈന്യം രാജ്യത്തിന്റെ വടക്ക് ഭാഗത്ത് യുദ്ധം ചെയ്യുന്നുണ്ടെന്നും സിറിയൻ സൈന്യം വ്യക്തമാക്കി.