തിരുവനന്തപുരം: ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട സിപിഐ ഇത്തവണ കേരളത്തിൽനിന്ന് മൂന്നുസീറ്റുകൾ എങ്കിലും നേടണമെന്ന വാശിയിലാണ്.തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് എന്നിവിടങ്ങളിലാണ് നിലവിൽ സിപിഐ മത്സരിക്കുന്നത്.നാല് സീറ്റുകളിൽ മൂന്നും പ്രധാന മണ്ഡലങ്ങളാണ്.രണ്ടിടത്ത് ശക്തമായ ത്രികോണപോരാട്ടമാണ് നടക്കുന്നതെന്നത്.മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കി വിജയം ഉറപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് സിപിഐ മുന്നോട്ടുപോകുന്നത്.
തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ബിനോയ് വിശ്വം എംപിയുടെ പേരാണ് നിലവിൽ ഉയരുന്നത്.2009ലെ ലോക്സഭ തെരഞ്ഞെടപ്പിൽ സിപിഐയിൽ നിന്നാണ് തിരുവനന്തപുരം മണ്ഡലം തരൂർ പിടിച്ചെടുത്തത്. പിന്നീട് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയം നിലനിർത്തി.ഇത്തവണയും കോൺഗ്രസിനായി തരൂർ തന്നെയാകും മത്സരിക്കുക. ബിജെപിയ്ക്കായി കേന്ദ്രമന്ത്രിമാർ മത്സരിച്ചേക്കുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.ബിനോയ് വിശ്വത്തിന്‍റെ രാജ്യസഭാ സീറ്റിന്‍റെ കാലാവധി അടുത്ത് തീരാനിരിക്കുകയാണ്.
മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനെ വീഴ്ത്താൻ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ കളത്തിലിറക്കാൻ ആലോചനയുണ്ട്.ഐഐവൈഎഫ് നേതാവ് സിഎ അരുൺ കുമാറിന്‍റെ പേരും ചർച്ചകളിലുണ്ട്.തൃശൂരില്‍ കോൺഗ്രസിനായി പ്രതാപനും ബിജെപിയ്ക്കായി സുരേഷ് ഗോപിയും രംഗത്തിറങ്ങുമ്പോൾ മുൻമന്ത്രി വിഎസ് സുനിൽകുമാർ സ്ഥാനാർഥിയായാൽ വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.ഇത്തവണയും ത്രികോണപ്പോരിന് കളമൊരുങ്ങുമെന്നതിൽ ഒരു സംശയവുമില്ല.
വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാലും ഇന്ത്യ മുന്നണിയുടെ നേതാവ് മത്സരിച്ചാലും ശക്തനായ സ്ഥാനാർഥിയിലൂടെ മികച്ച പോരാട്ടം നടത്തുകയെന്ന ലക്ഷ്യം മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യമിടുന്നത്.