അമിത വേഗത്തിൽ വന്ന ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയിൽ രണ്ടു പേര്‍ വെന്തുമരിച്ചു

കണ്ണൂര്‍: അമിത വേഗത്തിൽ വന്ന ബസിടിച്ച് മറിഞ്ഞു തീപിടിച്ച ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനും വെന്തുമരിച്ചു.ഇന്നലെ രാത്രിയോടെ കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലായിരുന്നു സംഭവം.കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയും ഉടനെ തീ ഉയരുകയുമായിരുന്നു.ഇരുവരെയും രക്ഷപ്പെടുത്തുന്നതിന് മുമ്പ് തന്നെ തീ ആളിപടരുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയിലെ ഇന്ധനം ചോര്‍ന്നതായിരിക്കാം പെട്ടെന്നുള്ള തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സിഎന്‍ജി ഇന്ധനത്തില്‍ ഓടുന്ന ഓട്ടോറിക്ഷക്കാണ് തീപിടിച്ചത്. സംഭവത്തെ തുടർന്ന് രണ്ടു പേരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.