തിരുവനന്തപുരം: ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഒക്ടോബർ 16) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്. തലസ്ഥാന നഗര ജീവിതം ദുരിതത്തിലാക്കി പെരുമഴ. നഗരത്തിൽ ഉൾപ്പെടെ ജില്ലയിലെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
കണ്ണമൂല, ചാക്ക , തേക്കുംമൂട് ബണ്ട് കോളനി, പൗണ്ടുകടവ്, പൊട്ടക്കുഴി, മരുതൂർ, നെയ്യാറ്റിൻകര,വെള്ളായണി തുടങ്ങി പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്.ജില്ലയിൽ 21 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കനത്ത മഴയിൽ തിരുവനന്തപുരത്ത് 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു.
മഴക്കെടുതി വിലയിരുത്താൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടമാർ , റവന്യൂ- ദുരന്തനിവാരണ തലത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അടിയന്തിര യോഗം ചേരുന്നുണ്ട്.