കണ്ണൂര്‍: കണ്ണൂരില്‍ അഞ്ചേക്കര്‍ ഭൂമിയില്‍ മറ്റൊരു റൂറല്‍ പോലീസ് ആസ്ഥാനം വരുന്നു.ആന്തൂര്‍ നഗരസഭ പരിധിയിലെ മൊറാഴയിലാണ് പുതിയ റൂറല്‍ പോലീസ് ആസ്ഥാനം.കെഎപി നാലാം ബറ്റാലിയന്‍റെ അധീനതയിലുള്ള അഞ്ചര ഏക്കര്‍ ഭൂമി എംഎല്‍എ എംവി ഗോവിന്ദന്‍റെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനത്തിനായി കൈമാറി.സ്വന്തമായി സ്ഥലം അനുവദിച്ച് കിട്ടിയതോടെ വിപുലമായ ആസ്ഥാന മന്ദിരത്തിന്‍റെയും ആധുനികമായ അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണം ഉടന്‍ ആരംഭിക്കും.
എല്ലാ പോലീസ് വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ജില്ലാ ആസ്ഥാന മന്ദിരം, വനിതാസെല്‍, സൈബര്‍ പോലീസ് സ്റ്റേഷന്‍, ഡിപിസി ക്യാംപ് ഓഫീസ്, വിപുലമായ പാര്‍ക്കിങ് സ്ഥലം, പരേഡ് ഗ്രൗണ്ട്, കാന്‍റീന്‍, ക്വാട്ടേഴ്‌സുകള്‍ എന്നിവയൊക്കെ പൂര്‍ണ രൂപത്തില്‍ സജ്ജീകരിക്കപ്പെടുന്നതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സംവിധാനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ജില്ലയുടെ വികസന മുന്നേറ്റത്തിനും ക്രമസമാധാന പാലനത്തിനും നാഴികകല്ലായി മാറുന്ന തീരുമാനമാണ് സര്‍ക്കാരിന്റേത്
2018ലാണ് കണ്ണൂരിനെ സിറ്റിയും റൂറലുമായി വിഭജിച്ച് ഉത്തരവായത്. 2021ല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നെങ്കിലും സ്വന്തമായ ആസ്ഥാനമന്ദിരവും അനുബന്ധ സംവിധാനങ്ങളും തയ്യാറായിരുന്നില്ല. താത്കാലികമായി കെഎപി നാലാം ബറ്റാലിയന്‍ കോംപൗണ്ടിലുള്ള കെട്ടിടത്തിലാണ് കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം പ്രവര്‍ത്തിച്ച് വരുന്നത്.