പത്തനംതിട്ട : ശബരിമല മേൽശാന്തിയായി തൃശൂർ പാറമേക്കാവ് ക്ഷേത്രം ശാന്തി പുത്തില്ലം മഹേഷ് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.മൂവാറ്റുപുഴ ഏനാനെല്ലൂരർ സ്വദേശിയാണ് പി. എൻ മഹേഷ്.പിജി മുരളിയെ മാളികപ്പുറം ക്ഷേത്രത്തിന്റെ മേൽശാന്തിയായും തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തില്‍ നിന്നുമെത്തിയ വൈദേഹ് വര്‍മ്മയും നിരുപമ ജി വര്‍മ്മയുമാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുത്തത്.
ഇന്ന് ഒക്ടോബർ 18ന് തുലാം മാസം പൂജകൾക്കായി ക്ഷേത്രങ്ങളുടെ നട തുറന്ന് പൂജകൾക്ക് ശേഷമാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്.17 പേരായിരുന്നു ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയില്‍ ഇടം നേടിയപ്പോൾ 12 പേര് മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
ശബരിമല മേല്‍ശാന്തി അന്തിമ പട്ടികയില്‍ ഇടം നേടിയ 17 ശാന്തിമാരുടെ പേരുകളും മാളികപ്പുറം മേല്‍ശാന്തി അന്തിമപട്ടികയില്‍ ഇടം നേടിയ 12 ശാന്തിമാരുടെ പേരുകളും വെള്ളിക്കുടത്തിലിട്ട് അത് ശബരിമല ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയശേഷമാണ് പുതിയ മേല്‍ശാന്തിമാരെ നറുക്കെടുത്തത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇരു മേല്‍ശാന്തിമാരും പുറപ്പെട് ശാന്തിമാരായിരിക്കും.അടുത്ത ഒരു വര്‍ഷം വരെയാണ് ഈ മേല്‍ശാന്തിമാരുടെ കാലാവധി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ എസ്.എസ്.ജീവന്, ജിസുന്ദരേശന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, ദേവസ്വം സെക്രട്ടറി ജി. ബൈജു, നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന് റിട്ടേര്‍ഡ് ജസ്റ്റിസ് പത്മനാഭന്നായര്,ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്.പി സുബ്രഹ്മണ്യന് തുടങ്ങിയവര്‍ മേല്‍ശാന്തി നറുക്കെടുപ്പിന് ശബരിമലയില്‍ സന്നിഹിതരായിരുന്നു.