തിരുവനന്തപുരം: യാതൊരു പ്രകോപനവുമില്ലാതെ മാധ്യമപ്രവർത്തകർക്കെതിരെ അധിക്ഷേപ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ.‘നിനക്കൊക്കെ വേറെ ഒരു പണിയില്ലടെ? ഇതിനേക്കാൾ നല്ലത് നീയൊക്കെ എന്നും തെണ്ടാൻ പോ’കോപാകുലനായ എം സി ദത്തൻ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി.
സെക്രട്ടേറിയറ്റിൽ യുഡിഎഫ് ഉപരോധം നടക്കുന്നതിനിടെ വന്ന എം സി ദത്തനെ പൊലീസ് തടഞ്ഞു. ഈ സമയം അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ അദ്ദേഹം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണെന്ന് അറിയിച്ചപ്പോഴാണ് ദത്തനെ പൊലീസ് അകത്തേക്ക് കടത്തിവിട്ടത്. പോലീസിനോടുള്ള ദേഷ്യം തീർത്തത് മൈക്കുമായി നിന്ന മാധ്യമപ്രവര്‍ത്തകരുടെ നെഞ്ചത്തും. ബാരിക്കേഡ് കടത്തി വിടാതെ പൊലീസ് തടഞ്ഞ എം സി ദത്തനെ മാധ്യമ പ്രവർത്തകർ ഇടപെട്ടതോടെയാണ് കടത്തി വിടുന്നത്. പൊലീസിനോട് കയർത്ത് സംസാരിച്ച ശേഷമായിരുന്നു എം സി ദത്തൻ മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചത്.
ഒരു പ്രകോപനവുമില്ലാതെ ലൈവ് സംപ്രേഷണത്തിനിടെ മാധ്യമ പ്രവർത്തകരോട് ” നിനക്കൊക്കെ വേറെ പണിയൊന്നുമില്ലേടെ,ഇതിലും നല്ലത് നീയൊക്ക തെണ്ടാൻ പൊയ്ക്കൂടെ ” എന്ന് ഉപദേശിക്കണമെങ്കിൽ എത്ര തരം താണ രീതിയിലായിരിക്കും മുഖ്യമന്ത്രിയെ ശാസ്ത്രം ഉപദേഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവിന്റെ അധിക്ഷേപം അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. അഴിമതി ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തോടും മാധ്യമങ്ങളോടും മുഖ്യമന്ത്രിക്കും ഒപ്പമുള്ളവർക്കും ധാർഷ്ട്യമെന്നും അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.പണിയുണ്ടായിരുന്ന കാലത്തൊരുപണിയുമെടുക്കാതെ കൊടിയുമെടുത്തുനടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കിവെച്ച് അതിന്റെ പേരിൽ വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടുചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടന്ന്’ സെക്രട്ടറിയേറ്റുനടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.