തിരുവനന്തപുരം: കേരളത്തിന്റെ സമര നായകൻ,വ്യക്തിജീവിതത്തിലെ കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും നെഞ്ചുറപ്പോടെ നേരിട്ട വ്യക്തിത്വം,കണ്ണേ കരളേ വിഎസേയെന്ന് ജനങ്ങൾ നെഞ്ചേറ്റിയ നേതാവ് വിഎസ് അച്യുതാനന്ദൻ നിറവിലേക്ക്. പ്രായം എൺപതുകളിലെത്തിയപ്പോൾ യുവാക്കളെ പോലും വെല്ലുന്ന ചുറുചുറുക്കോടെ ഭൂമി കയ്യേറ്റങ്ങൾ കണ്ടെത്താൻ മതികെട്ടാൻ മല കയറിയ വിഎസ് തിരുവനന്തപുരം നഗരത്തിലെ ബാർട്ടൺ ഹില്ലിൽ മകൻ ഡോ. വി എ അരുൺകുമാർ നിർമിച്ച ‘വേലിക്കകത്ത്’ വീട്ടിലാണ് ഇപ്പോൾ.ഈ വീട്ടിലിരുന്ന് വി എസ് ഇപ്പോഴും എല്ലാം കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന് മകൻ അരുൺകുമാർ.
രാവിലെയും വൈകുന്നേരവും വീൽചെയറിൽ പുറത്തു വന്നിരിക്കും. ആരെങ്കിലും പത്രങ്ങൾ വായിച്ചുകൊടുക്കും. ടി വി വാർത്തകളും പരിപാടികളും കുട്ടികളുടെ പാട്ടുകളും ഒക്കെ കാണും. ഓടി നടന്നിരുന്ന വ്യക്തിക്ക് നടക്കാൻ പറ്റാതായതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഡയറ്റീഷ്യൻ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുന്നത്.അച്ഛന്റെയും അമ്മയുടെയും താൽപര്യപ്രകാരമാണ് ആശയുടെ വീടിനു സമീപത്തുതന്നെ സ്ഥലം വാങ്ങി വീടു നിർമിച്ചത്. അതുകൊണ്ട് എല്ലാവർക്കും അടുത്തുനിന്ന് അച്ഛനെ പരിചരിക്കാൻ കഴിയുന്നുണ്ട്.ടിവിയിൽ അച്ഛനെ അനുകരിച്ചുള്ള കോമഡി പരിപാടികൾ ഞങ്ങൾ കാണിച്ചുകൊടുക്കും. അതും ആസ്വദിക്കും അരുണ്‍ കുമാർ പറഞ്ഞു.
പ്രിയപ്പെട്ടവരുടെ വേർപാട് വി എസിനെ വിഷമിപ്പിക്കാറുണ്ട്. ‘ഗൗരിയമ്മയുടെ മരണം അച്ഛനെ വളരെ വിഷമിപ്പിച്ചു. ടിവി കണ്ടിരിക്കുമ്പോഴാണ് ആലത്തൂർ മുൻ എംഎൽഎ എം ചന്ദ്രൻ മരിച്ചെന്ന് ഫ്ലാഷ് കണ്ടത്. അതു വലിയ ഷോക്കായി. വിഷമമുള്ള വാർത്തകൾ കാണുമ്പോൾ പെട്ടെന്നു രക്തസമ്മർദ വ്യതിയാനമുണ്ടാകും. അത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ്.കോടിയേരി ബാലകൃഷ്ണന്റെയും ഉമ്മൻ ചാണ്ടിയുടെയും വേർപാടും അച്ഛനെ ഒരുപാട് വേദനിപ്പിച്ചു.അരുൺകുമാർ പറഞ്ഞു.
ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന് വീടിന് പുറത്തുനിന്നുള്ളവരുടെ സന്ദർശനം പോലും അനുവദിക്കാനാകാത്ത ധർമസങ്കടത്തിലാണ് വീട്ടുകാർ. സർക്കാർ സർവീസിൽ നഴ്സായിരുന്ന ഭാര്യ വസുമതിയും രണ്ടു ഹോം നഴ്സുമാരുമാണ് വി എസിനെ പരിചരിക്കുന്നത്.മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹപരിചരണം കൂടിയാണ് നൂറാം വയസ്സിൽ വിഎസിന്റെ കരുത്ത്.ആലപ്പുഴ പുന്നപ്രയിൽ താമസിക്കുന്ന സഹോദരി ആഴിക്കുട്ടിയുമായി വലിയ ആത്മബന്ധമാണ് വി എസിന്. ആലപ്പുഴയിൽ പോകുമ്പോഴെല്ലാം ഒപ്പം നിന്നു ചിത്രമെടുത്ത് അച്ഛനെ കാണിക്കും. അപ്പച്ചിയുടെ ഫോട്ടോ കാണുമ്പോൾ ഇപ്പോഴും മുഖത്തു സന്തോഷം നിറയുമെന്നും അരുണ്‍ കുമാർ പറഞ്ഞു.
എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ് എന്ന് പിറന്നാൾ ആശംസിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങൾ നയിച്ച, ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
2019ലെ പിറന്നാൾ ദിനത്തിന് തൊട്ടുമുൻപാണ്, വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന രക്തസമ്മർദം കൂടി വി എസ് അച്യുതാനന്ദന്റെ വലതുകൈ, കാലുകൾക്ക് തളർച്ചയുണ്ടായത്. എന്നാൽ ഡോക്ടർമാരെ ഞെട്ടിച്ചുകൊണ്ട് വി എസ് അതിവേഗം ആശുപത്രി കിടക്ക വിട്ടു. ഇപ്പോൾ വലതുകൈയ്ക്ക് സ്വാധീനം തിരിച്ചുകിട്ടിയെങ്കിലും വലതു കാലിന് പഴയ ശക്തിയില്ല.പക്ഷാഘാതം വില്ലനായെത്തിയില്ലായിരുന്നെങ്കിൽ ഇന്നും നീതിക്കായി പോരാടുന്നവർക്ക് ഐക്യദാർഢ്യവുമായി കേരളത്തിന്റെ അങ്ങോളമിങ്ങോളം വി എസ് ഓടിയെത്തിയേനേ.