ന്യൂഡൽഹി :ജനതാദൾ സെക്യൂലർ എൻഡിഎയിലെക്ക് പോകുന്നതിന് സിപിഎമ്മിന്റെ പിന്തുണയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പാർട്ടി ദേശീയാധ്യക്ഷൻ എച്ച്ഡി ദേവെഗൗഡ. തന്റെ പാർട്ടിയുടെ കേരളഘടകം എൽഡിഎഫിനൊപ്പം തുടരുകയാണെന്ന് മാത്രമേ പറഞ്ഞുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.ഗൗഡയുടെ പ്രസ്താവന കേരളത്തിൽ വലിയ രാഷ്ട്രീയവിവാദമായതോടെയാണ് അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ഗൗഡ രംഗത്തെത്തിയത്.
“സിപിഎമ്മുമായി ബന്ധപ്പെട്ട എന്റെ പ്രസ്താവന ചില ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കൾ ഞാൻ പറഞ്ഞത് ശരിയായി മനസ്സിലാക്കിയിട്ടില്ല. ഞാൻ പറഞ്ഞതിന്റെ സന്ദർഭവും മനസ്സിലാക്കിയിട്ടില്ല. കേരളത്തിലെ സിപിഎം ബിജെപി-ജെഡിഎസ് സഖ്യത്തെ പിന്തുണച്ചുവെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല,” ദേവെഗൗഡ പറഞ്ഞു.
മഹാരാഷ്ട്ര, തമിഴ്നാട് കേരളം എന്നിവിടങ്ങളിലെ ഘടകങ്ങൾക്ക് ജെഡിഎസ്സിന്റെ ബിജെപി ബന്ധം അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പുറത്താക്കപ്പെട്ട പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ സിഎം ഇബ്രാഹിം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് കേരളത്തിലെ ഘടകം എൽഡിഎഫുമായി ചേർന്ന് നിൽക്കുകയാണെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തങ്ങൾക്കുണ്ടെന്നും ദേവെഗൗഡ പറഞ്ഞത്.ബിജെപിയുമായി സഖ്യം ചേർന്നതിനു ശേഷം കർണാടകയ്ക്ക് പുറത്തുള്ള ഘടകങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
തന്റെ രാഷ്ട്രീയ മലക്കംമറിച്ചിലുകളെ ന്യായീകരിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.ജെഡിഎസ് ബിജെപിയുമായി സഖ്യം ചേർന്നതിൽ തനിക്ക് അത്ഭുതമില്ലെന്ന് യെച്ചൂരി പറഞ്ഞു. അതവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പിണറായി വിജയൻ ജെഡിഎസ്-ബിജെപി സഖ്യത്തെ അംഗീകരിക്കുന്നുവെന്ന പ്രസ്താവന പരിഹാസ്യമാണ്. സംസ്ഥാനത്തെ ജെഡിഎസ് ഘടകം അതിന്റെ ദേശീയനേതൃത്വവുമായി വിട്ടു കഴിഞ്ഞു. അതുകൊണ്ടാണ് അവർ എൽഡിഎഫിൽ നിൽക്കുന്നത്. ജെഡിഎസ് മാത്രമാണ് രാജ്യത്ത് സെക്യൂലർ എന്ന വാക്ക് പാർട്ടിയുടെ പേരിനൊപ്പം സൂക്ഷിക്കുന്നത്. എന്നിട്ടും എങ്ങനെയാണ് അവർക്ക് ബിജെപിക്കൊപ്പം ചേരാൻ കഴിയുന്നത്? അവരിത് നേരത്തെയും ചെയ്തിട്ടുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.