“ലിയോ” ഇന്ത്യയില്‍ മാത്രം 100 കോടി രൂപയില്‍ അധികം നേടിയിരിക്കുന്നു എന്നാണ് പുതിയ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകൾ.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തിയ ദളപതി വിജയ് ചിത്രം “ലിയോ” ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്ത് കുതിക്കുകയാണ്.
കേരളത്തിൽ ആദ്യ ദിനം 12 കോടിയിൽപ്പരം രൂപയാണ് ലിയോ നേടിയത്. വിദേശ രാജ്യങ്ങളിലും സകലവിധ റെക്കോർഡുകളും തകർത്തെറിഞ്ഞ ലിയോ ലോകവ്യാപക കളക്ഷനിലും ഏറെ മുന്നിലാണ്. 148.5 കോടിയില്പരം രൂപയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. ഇതോടെ ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകളിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ് “ലിയോ”.
ഇന്ത്യയിൽ ഈ വർഷം റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളുടെയും ഓപ്പണിങ് റെക്കോർഡുകൾ ഭേദിച്ച ” ലിയോ ” പ്രീ സെയില്‍ ബിസിനിസില്‍ തന്നെ ചിത്രം വിജയമാകുമെന്ന് ഉറപ്പിച്ചിരുന്നു .ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, തുടങ്ങി ഒരു വമ്പൻ താര നിരയുണ്ട് ചിത്രത്തിൽ.
മലയാളത്തിൽ നിന്ന് ബാബു ആന്റണി, മഡോണ സെബാസ്റ്റ്യൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്. വിജയിയുടെ മകനായാണ് മാത്യു എത്തുന്നത്.അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന “ലിയോ” സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമിക്കുന്നത്.ലോകേഷ് കനകരാജ് ഒരുക്കിയ “ലിയോ” യുടെ ഛായാഗ്രഹണം നിർവഹിച്ചത് മനോജ് പരമഹംസയാണ്.