ഹമൂൺ തീവ്ര ചുഴലിക്കാറ്റിന്‍റെ സ്വാധീനം കേരളത്തിലും

ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ഹമൂൺ’ ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഹമൂൺ ചുഴലിക്കാറ്റ് തീവ്രമായതോടെ ഒഡീഷ, പശ്ചിമ ബംഗാൾ, മണിപ്പൂർ, ത്രിപുര, മിസോറാം, അസം, മേഘാലയ എന്നീ ഏഴ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.ഹമൂൺ തീവ്ര ചുഴലിക്കാറ്റിന്‍റെ സ്വാധീനം കേരളത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് യമൻ തീരം തൊട്ടു. അല്‍ മഹ്‌റ പ്രവിശ്യയിലാണ് തേജ് കരതൊട്ടത്. പ്രാദേശിക സമയം രാവിലെ ആറ് മണിയോടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. 50 മുതൽ അറുപത് നോട്ടിക്കൽ മൈലായിരുന്നു കാറ്റിന്റെ വേഗം. തേജ് ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിൽ ഒമാനിൽ ശക്തമായ മഴ തുടരുകയാണ്.

ഹമൂൺ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തിൽ വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒക്ടോബർ 25 വരെ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നല്‍കി. ഒഡീഷയുടെ കിഴക്ക്, പടിഞ്ഞാറൻ, വടക്ക് മേഖലകളിലും ബംഗ്ലാദേശ് തീരങ്ങളിലും മ്യാൻമറിന്‍റെ വടക്കൻ തീരങ്ങളിലും കടക്കരുതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശം.

ഇന്ത്യന്‍ തീരങ്ങളില്‍ ഹമൂൺ ചുഴലിക്കാറ്റ് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബംഗ്ലാദേശ് തീരത്ത് എത്തുമ്പോള്‍ ഇതിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്.