ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തക,മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്.താൻ മാധ്യമ പ്രവർത്തകയ്ക്ക് ഒപ്പമാണെന്നും ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തകയെന്നും ഇത്തരം പ്രവർത്തികൾ ഒരു പൊതു പ്രവർത്തകന് ചേരുന്നതല്ലെന്നും സുരേഷ് ഗോപിയെ ന്യായീകരിക്കാനാവില്ലെന്നും വീണാ ജോർജ്.

കഴിഞ്ഞ ദിവസം കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു.മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകി. സംഭവം വിവാദമായതോടെ സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമപ്രവർത്തകയോട് ഖേദം പ്രകടിപ്പിച്ചിരുന്നു.

സുരേഷ് ഗോപിക്കെതിരേ വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമപ്രവർത്തക നൽകിയ പരാതിയിലാണ് കേസ്. 15 ദിവസത്തിനകം സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ടു നൽകാൻ പൊലീസ് മേധാവിക്ക് വനിത കമ്മീഷൻ നിർദേശം നൽകി.