ഒറ്റപ്പെടലിന്റെ വേദനയുടെ ഹൃദയ സ്പർശം റസൂൽ പൂക്കുട്ടിയുടെ “ഒറ്റ”

ഒറ്റപ്പെടലിന്റെ വേദന വളരെ ക്രൂരമായ അനുഭവമാണ്.എല്ലാ ദേശങ്ങളിലും ഭാഷകളിലും ജീവിതത്തിലും മനുഷ്യൻ  എപ്പോഴെങ്കിലും ഒറ്റപ്പെടൽ അനുഭവിക്കാതെ കടന്നുപോകുന്നില്ല .വൈകാരികത ഒട്ടും ചോർന്നു പോകാതെ ഒറ്റപ്പെടൽ അനുഭവിക്കുന്നതിന്റെ വേദന ചില ജീവിത യാഥാർഥ്യങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി തന്റെ “ഒറ്റ: എന്ന ചിത്രത്തിൽ.

പന്ത്രണ്ടും പതിനാലും പതിനേഴും വയസുകളിൽ മൂന്ന് തവണയാണ് ഹരിഹരൻ വീടുവിട്ടിറങ്ങിയത്. ആദ്യത്തെ തവണ വീടുവിട്ടപ്പോൾ ഒരു ദിവസത്തിനുശേഷം തിരിച്ചെത്തി. പതനാലാം വയസിൽ 11 ദിവസം നീണ്ടുനിന്ന യാത്ര മുംബൈയിലേക്കും പൂനെയിലേക്കുമായിരുന്നു. മൂന്നാം തവണ, പതിനേഴാം വയസിൽ ചെന്നൈയ്ക്ക് പോയ ഹരിഹരൻ  അവിടെ ചിലവഴിച്ച ഒരു വർഷത്തിനിടയിൽ പല ജോലികളും ചെയ്തു . ചായക്കടകളിലും ബേക്കറിയിലും സഹായിയായി നിന്നു. ലോറിയിൽ ക്ലീനറായി. ജീവിതം നൽകിയ പാഠങ്ങൾ കരുത്താക്കി മുന്നോട്ടുപോയ ഹരിഹരൻ 1989-ൽ മുംബൈയിൽ ഒരു ചെറുകിട സംരംഭം തുടങ്ങി. പതിയെപ്പതിയെ ഉയരങ്ങൾ കീഴടക്കി.

ചിൽഡ്രൻ റിയുണൈറ്റഡ് ഫൗണ്ടേഷന്റെ അമരക്കാരൻ എസ്. ഹരിഹരന്റെ ജീവിതകഥയാണ് റസൂൽ പൂക്കുട്ടി “ഒറ്റ “യിലൂടെ പറയുന്നത്. ചെറുപ്പത്തിൽ അച്ഛന്റെ ക്രൂരമായ ശിക്ഷണങ്ങൾക്ക് ഇരയാകുന്നയാളാണ് ഹരി. ആത്മാഭിമാനത്തിനും പണത്തിനും വിലകൊടുക്കുന്ന അച്ഛൻ ഹരിക്കെന്നും പേടിസ്വപ്നമായിരുന്നു.പഠനം പോലും ഉപേക്ഷിച്ചു് വീടുവിട്ടിറങ്ങാൻ അയാളെ പ്രേരിപ്പിക്കുന്നത് സ്വന്തമായൊരിടം വേണമെന്ന ചിന്തയാണ്.  പ്രതികരിക്കാനാൻ കഴിയാത്ത നിസ്സഹായയായ അമ്മയോട് അച്ഛനിൽ നിന്ന് സ്നേഹത്തോടെ ഒരു വാക്കോ, ചുംബനമോ മാത്രമേ ആ​ഗ്രഹിച്ചിരുന്നുള്ളൂ എന്നയാൾ ഒരിക്കൽ പറയുന്നുണ്ട്.

അമ്മയുടെ കാർക്കശ്യത്തിൽ നിന്നും ദയാരഹിതമായ പെരുമാറ്റത്തിൽ നിന്നും രക്ഷപ്പെടാനാണ് ബെൻ വീടുവിട്ടിറങ്ങുന്നത്. അതയാളെ ചെന്നെത്തിക്കുന്നത് പലവിധമായ ചൂഷണങ്ങളിലേക്കുമാണ്. നഷ്ടപ്പെടാൻ ഒന്നുമില്ലാതെ തുടക്കവും തുടരുന്ന ജീവിത സാഹചര്യങ്ങളുമെല്ലാം തീവ്രമായ ഒറ്റപ്പെടലിന്റേ അങ്ങേ അറ്റത്തു നിൽക്കുന്നയാളാണ് രാജു. ഹരി, ബെൻ, രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

ഇന്ത്യന്‍ സിനിമയിലേക്ക് ഓസ്കാറിന്റെ തിളക്കമെത്തിച്ച റസൂൽ പൂക്കുട്ടി തന്‍റെ ആദ്യത്തെ സംവിധാന സംരംഭത്തിനായി തിരഞ്ഞെടുത്തത് യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ശക്തമായ പ്രമേയമാണ്.ഹരി എന്ന കഥാപാത്രത്തിന്റെ ജീവിത സാഹചര്യങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്. ഹരിയുടെ ജീവിതത്തിലെ സംഭവവികാസങ്ങൾ അതിന്റെ തീവ്രത ചോരാതെ തന്നെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ പൂർണ്ണമായും വിജയിച്ചിരിക്കുന്നു എന്ന് “ഒറ്റ” നമുക്ക് കാട്ടിത്തരുന്നു.

ആസിഫ് അലിയും അർജുൻ അശോകനും ഇന്ദ്രജിത്തും സത്യരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച “ഒറ്റ” യിൽ ശ്യാമ പ്രസാദ്, സുധീർ കരമന, ഇന്ദ്രൻസ്, ജലജ, രഞ്ജി പണിക്കർ,രോഹിണി,ആദിൽ ഹുസൈൻ, ജി. സുരേഷ് കുമാർ, ജയകൃഷ്ണൻ, ജയപ്രകാശ്, സോനാ നായർ എന്നിവരും അവരവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി.