കലാകാരന് സാമൂഹ്യ പ്രതിബദ്ധത ഉണ്ടാവണം, ഊഹങ്ങള്‍ പ്രചരിപ്പിച്ച്‌ നാടിൻറെ സമാധാനം നശിപ്പിക്കരുത്.ഷെയ്ൻ നിഗം

കലാകാരന് സാമൂഹ്യ പ്രതിബദ്ധത വേണോ? ഈ വിഷയത്തിൽ കാലങ്ങളായി ഭിന്നാഭിപ്രായങ്ങൾ നിലനില്കുന്നുണ്ട്.എന്നാൽ നാട്ടിലൊരു വിപത്തു് നേരിട്ടാൽ നാടിൻറെ സമാധാനത്തിനു ഭംഗം വന്നാൽ കലാകാരൻ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ഒട്ടും ഉചിതമാവില്ല. ഇവിടെ കളമശ്ശേരിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചു നമ്മുടെ പാരമ്പര്യത്തെയും സാംസ്‌കാരിക പൈതൃകത്തെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളെ കണ്ടില്ല എന്ന് നടിക്കാൻ ഒരു കലാകാരനും കഴിയില്ല.

സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാ വിഷയങ്ങളിലും ഒരു മടിയും കൂടാതെ പ്രതികരിക്കുകയും സ്വന്തം അഭിപ്രായം പറയുകയും ചെയ്യുന്ന മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആളാണ് ഷെയ്ന്‍ നിഗം.കളമശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടും ഷെയ്ൻ തന്റെ അഭിപ്രായവും അഭ്യര്‍ഥനയും പങ്കു വെച്ചിരുന്നു.ഊഹങ്ങള്‍ പ്രചരിപ്പിച്ച്‌ നാടിൻറെ സമാധാന അന്തരീക്ഷം നശിപ്പിക്കാൻ കൂട്ട് നില്കരുതെന്ന് ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.

“സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്.
ഈ സംഭവത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം”

“വീഴ്ചകളിൽ നിന്ന് നമ്മൾ തെറ്റുകൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് നമുക്ക് തെറ്റുകൾ തിരുത്തി പോകേണ്ടതുണ്ട്.ആയതിനാൽ ഇത്തരത്തിലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും, ചില നിർദ്ദശങ്ങളാണ് ചുവടെ.

1. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറിൽ രേഖപ്പെടുത്തി സൂക്ഷിക്കണം.2. വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിക്കണം.3. സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം.4. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഒരു ഡോക്ടർ , നഴ്സ്, ആംബുലൻസ് മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക.
സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ”

“ഹലോ ഡിയർ ഫ്രണ്ട്സ്, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്.സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ്ഗ, മത, വർണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എൻ്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്. സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത്. സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ ഞാനല്ല നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്.അത് എന്നും തുടർന്ന് കൊണ്ടിരിക്കും”