കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിനെ നവംബർ 29 വരെ റിമാൻഡ് ചെയ്തു.പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കാക്കനാട് ജില്ലാ ജയിലിലേക്കാണ് മാറ്റുന്നത്.കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന് ഇന്നലെ കോടതിയെ അറിയിച്ചു.
പോലീസിനെതിരെ പരാതിയില്ലെന്നും കേസ് താൻ സ്വയം വാദിക്കാമെന്നുമാണ് പ്രതി കോടതിയെ അറിയിച്ചത്.പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചു.പ്രതിക്ക് ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ല, അതുകൊണ്ടുതന്നെ തിരിച്ചറിയൽ പരേഡിന് അനുമതി തേടി എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.കേസ് അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
ബോംബ് നിർമിച്ചത് മാർട്ടിൻ തനിച്ചാണെന്നും പ്രതി അതീവ ബുദ്ധിശാലിയാണെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.അത്താണിയിലെ വീട്ടിൽ വെച്ചാണ് ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതിയുടെ മൊഴി നൽകിയിരിക്കുന്നത്. ഇതിനായി ചെയ്തത് എന്തൊക്കെയാണെന്ന് ഇയാൾ തന്നെ അക്കമിട്ട് പറഞ്ഞിട്ടുള്ള സാഹചര്യത്തിൽ തെളിവുകളുമായി വച്ച് അത് ഒത്തുപോകുന്നുണ്ടോ എന്നതാണ് നിലവിൽ പോലീസ് പരിശോധിക്കുന്നത്. ഐഇഡി നിർമിച്ചതിന്റെ അവശിഷ്ടങ്ങളും പെട്രോൾ സൂക്ഷിച്ച കുപ്പിയും പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി.