സാധാരണക്കാർക്ക് തിരിച്ചടി,സപ്ലൈകോ 13 ആവശ്യസാധനങ്ങൾക്ക് വില വർദ്ധിപ്പിക്കുന്നു

തിരുവനന്തപുരം: സപ്ലൈകോയിൽ അരി മുതൽ മുളകുവരെയുള്ള പതിമൂന്ന് ആവശ്യ സാധനങ്ങളുടെ വിലയിൽ വർധനയുണ്ടാകുന്നത് സാധാരണക്കാർക്ക് തിരിച്ചടിയാകും.ചെറുപയർ, ഉഴുന്ന്, വൻകടല, വൻ പയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വർധനയുണ്ടാകുന്നത്.പുതുക്കിയ വില ഉടനെ തന്നെ പ്രാബല്യത്തിലാകും.

പതിമൂന്ന് ആവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രി ജി ആർ അനിലിന് എൽഡിഎഫ് യോഗം അനുമതി നൽകി. വില വർധന എത്രവരെ ഉണ്ടാകണമെന്നതടക്കമുള്ള കാര്യങ്ങളിൽ വൈകാതെ തീരുമാനമുണ്ടാകും.സാമ്പത്തിക പ്രശ്നം വ്യക്തമാക്കി സപ്ലൈകോ ഭക്ഷ്യമന്ത്രിയെ ബന്ധപ്പെടുകയും രേഖാമൂലം ആവശ്യം അറിയിക്കുകയും ചെയ്തിരുന്നു.

സബ്സിഡിയോടെ ആവശ്യ സാധനങ്ങൾ നൽകുന്നതിനാൽ 500 കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. കൊവിഡ് കാലത്തടക്കം നൽകിയ കിറ്റ് ഇനത്തിൽ വിപണിയിൽ ഇടപെട്ടതിൻ്റെ പേരിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക മാത്രം 1525 കോടിയാണ്. 600 കോടി രൂപയിലേറെ രൂപയാണ് സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് സപ്ലൈകോ നൽകാനുണ്ട്.ഈ തുക ഒന്നുകിൽ സർക്കാർ വീട്ടണം അല്ലെങ്കിൽ ആവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വർധിപ്പിക്കണമെന്നുമായിരുന്നു സപ്ലൈകോയുടെ ആവശ്യം.