ക്രൂരനായ കൊലപാതകിക്ക് മാപ്പ് കൊടുത്ത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ,കാമുകിയെ 111 തവണ കുത്തി,ബലാത്സംഗത്തിനിരയാക്കി ശ്വാസം മുട്ടിച്ച് കൊന്നു

മോസ്കോ: മുൻ കാമുകിയെ 111 തവണ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ബലാത്സംഗത്തിനിരയാക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റഷ്യൻ ഭരണകൂടം ജയിലിൽ മോചിതനാക്കി.17 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന വ്ലാഡിസ്ലാവ് കന്യൂസ് എന്ന യുവാവിനെയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ്റെ ഇടപെടലിനെ തുടർന്ന് മോചിപ്പിച്ചത്.

യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കാമെന്ന് അറിയിച്ചതോടെയാണ് യുവാവിനെ ജയിൽ മോചിതനാക്കാൻ റഷ്യൻ പ്രസിഡൻ്റ് അനുമതി നൽകിയതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.നടപടിയെ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ന്യായീകരിച്ചു. റഷ്യൻ തടവുകാർ അവർ ചെയ്ത കുറ്റകൃത്യങ്ങൾക്ക് രക്തം കൊണ്ട് പ്രായശ്ചിത്തം ചെയ്യുകയാണ്. ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ യുദ്ധമുന്നണിയിലെത്താറുണ്ടെന്ന് പെസ്കോവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ബന്ധം അവസാനിപ്പിച്ചതിൽ പ്രകോപിതനായ യുവാവ് മുൻ കാമുകി വെരാ പെഖ്‌ടെലേവ എന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.യുവതിയെ വിളിച്ചുവരുത്തിയ ഇയാൾ കത്തി ഉപയോഗിച്ച് 111 തവണ കുത്തിയ ശേഷം .ബലാത്സംഗത്തിനിരയാക്കി മൂന്നരമണിക്കൂർ ക്രൂരമായി പീഡിപ്പിച്ചു.കേബിൾ കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ച്  കൊലപ്പെടുത്തി. യുവതിയുടെ നിലവിളി കേട്ട് അയൽവാസികൾ പല പ്രാവശ്യം വിളിച്ചെങ്കിലും പോലീസ് ഫോൺ കോൾ എടുത്തില്ലെന്ന ആരോപണം ഉയർന്നിരുന്നു.

എൻ്റെ പ്രതീക്ഷയും ജീവിതവും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് അമ്മ ഒക്സാന പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്നറിയില്ല, ഭരണകൂടത്തിന്റെ തീരുമാനത്തിൽ എന്ത് ചെയ്യണമെന്ന് അറിയില്ല. ശരിക്കും ആഘാതമായിരുന്നു ഭരണകൂടത്തിൻ്റെ തീരുമാനം. ശവക്കല്ലറയിൽ പോലും മകൾക്ക് ശാന്തി ലഭിക്കില്ല. എൻ്റെ ജീവിതവും പ്രതീക്ഷയും എല്ലാം നഷ്ടപ്പെട്ടു. ക്രൂരനായ കൊലപാതകിക്ക് എങ്ങനെ ആയുധം നൽകും? എന്തുകൊണ്ടാണ് അദ്ദേഹത്തെ യുദ്ധ മുന്നണിയിലേക്ക് അയച്ചത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മ ഒക്സാന ചോദിച്ചു. സൈനിക യൂണിഫോമിൽ ആയുധവുമായി നിൽക്കുന്ന വ്ലാഡിസ്ലാവ് കന്യൂസിൻ്റെ ചിത്രം കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാർത്ത പുറത്തുവന്നത്.

പ്രതിയുടെ ശിക്ഷയിൽ ഇളവ് വരുത്തി യുദ്ധമുഖത്തേക്ക് അയച്ച ഭരണകൂടത്തിൻ്റെ തീരുമാനത്തിനെതിരെ റഷ്യയിൽ വ്യാപക എതിർപ്പാണുയരുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായി തുടരുകയാണ്.യുക്രൈനുമായി അതിർത്തി പങ്കിടുന്ന തെക്കൻ റഷ്യയിലെ റോസ്‌റ്റോവിലേക്ക് കന്യൂസിനെ മാറ്റിയതായി ജയിൽ അധികൃതർ സ്ഥിരീകരിച്ചതായി വനിതാ അവകാശ പ്രവർത്തക അലിയോണ പോപോവ പറഞ്ഞു.